lisa

തിരുവനന്തപുരം: 'ഓട്ടിസം ബാധിച്ച കുരുന്നുകളെ അന്താരാഷ്ട്ര നിലവാരത്തിൽ പഠിപ്പിക്കാനൊരിടം"

ആ മൂന്ന് സുഹൃത്തുക്കളുടെ ആഗ്രഹത്തിന് ചിറക് മുളച്ചപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര സ്കൂളായ "ലിസ" കോട്ടയത്തെ കോതനല്ലൂരിൽ പിറന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഒഫ് ഓട്ടിസം എന്നതിന്റെ ചുരുക്കപ്പേരാണ് ലിസ. ചാർട്ടേഡ് അക്കൗണ്ടന്റ് സാബു തോമസ്, വിദ്യാഭ്യാസ വിദഗ്ദ്ധൻ ജലീഷ് പീറ്റർ, സംരംഭക മിനു ഏലിയാസ് എന്നിവരാണ് സ്കൂളിന്റെ അമരക്കാർ.

സാബുവും ജലീഷും പ്രീഡിഗ്രി മുതൽ സുഹൃത്തുക്കളാണ്. പിന്നീടാണ് മിനുവിനെ പരിചയപ്പെടുന്നത്. ഒരിക്കൽ മറ്റൊരു സുഹൃത്തിന്റെ ഓട്ടിസം ബാധിച്ച കുഞ്ഞിനെ പഠിപ്പിക്കാൻ മൂവരും സ്കൂൾ തേടി അലഞ്ഞെങ്കിലും പല സ്കൂളുകാരും പഠിപ്പിക്കാൻ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. അങ്ങനെയാണ് ലിസ

എന്ന ആശയത്തിലെത്തിയത്.

ജന്മനായുള്ള വൈകല്യത്തിന്റെ പേരിൽ സമൂഹത്തിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്ന ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സി.ബി.എസ്.ഇ സിലബസിലുള്ള പഠനം, ചികിത്സ, പരിചരണം എന്നിവയെല്ലാം ലിസ ഉറപ്പുവരുത്തുമെന്ന് സംരംഭകർ പറയുന്നു. രണ്ടേമുക്കാൽ ഏക്കർ കാമ്പസിൽ ലാറി ബേക്കർ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന 20,000 ചതുരശ്രയടി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2018 ഒക്ടോബർ 19നാണ് പ്രവർത്തനം ആരംഭിച്ചത്. ഒരു ക്ലാസിൽ ആകെ അഞ്ചുകുട്ടികൾ, അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നാണ് അനുപാതം. രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെയാണ് സ്കൂളിന്റെ പ്രവർത്തന സമയം. ഓട്ടിസം എന്ന അവസ്ഥയിലുള്ള കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം കൊടുക്കുക. സ്വയം പ്രാപ്തി ഉണ്ടാക്കുക. ഒപ്പം സാധാരണ സ്കൂളിൽ പഠിക്കാനാകുന്ന നിലയിലേക്ക് എത്തിക്കുക എന്നിവയാണു സ്കൂളിന്റെ ലക്ഷ്യമെന്നു സംരംഭകർ പറയുന്നു.

ഓട്ടിസം

മസ്തിഷ്‌കകോശങ്ങളിലെ വ്യതിയാനം കാരണം ആശയവിനിമയത്തിനും സമൂഹത്തിൽ ഇടപഴകുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ഓട്ടിസം. അസ്വാഭാവികമായതും ആവർത്തിച്ചുള്ളതുമായ ശാരീരിക ചലനങ്ങൾ ഇത്തരക്കാർക്കുണ്ടാവും.

കണക്കുകൾ പറയുന്നു

22 ലക്ഷം കുട്ടികൾ രാജ്യത്ത് ഓട്ടിസം ബാധിതർ

2-9 പ്രായമുള്ള 59 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം

കേരളത്തിൽ 3,135 ഓട്ടിസം ബാധിതർ

(സാമൂഹ്യ സുരക്ഷാമിഷന്റെ നാലുവർഷം മുൻപുള്ള കണക്ക് )

''ഓട്ടിസം ഒരു രോഗമല്ല, അവസ്ഥയാണ്. ഓരോ കുട്ടിയും ഭിന്നസ്വഭാവക്കാരായിരിക്കും. അവരിലെ ശേഷികൾ വളർത്തിയെടുത്ത് സ്വയംപര്യാപ്തരാക്കി സമൂഹത്തിന്റെ ഭാഗമാക്കും.''

-ജലീഷ് പീറ്റർ

സ്കൂൾ സെക്രട്ടറി