തിരുവനന്തപുരം: 'എന്നാലും അവൾ ഒരുവാക്ക് പറഞ്ഞില്ല. കുഞ്ഞുങ്ങളെ അവൻ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ഒന്ന് ഫോൺ ചെയ്ത് അറിയിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അവളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവനാണ് എല്ലാത്തിനും കാരണം. തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് മൃതപ്രായനാക്കിയ അരുൺ ആനന്ദിനെതിരെ, ഇയാളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ ആദ്യ ഭർത്താവിന്റെ മാതാവ് 'ഫ്ളാഷി'നോട് പ്രതികരിച്ചു.
തിരുവനന്തപുരം നഗരത്തിലെ വീട്ടിൽ കണ്ണീരിറ്റുന്ന മകന്റെ ഓർമ്മകൾ മായും മുമ്പേ ചെറുമകനുണ്ടായ ദുര്യോഗത്തിൽ തേങ്ങുകയാണ് ഈ മുത്തശ്ശി അദ്ധ്യാപികയായി തന്റെയൊപ്പം ജോലി ചെയ്ത ടീച്ചറിന്റെ മകളാണ് അവൾ. ടീച്ചർക്കൊപ്പം വീട്ടിൽ വന്നിട്ടുള്ള അവളെ എന്റെ മകന് ഇഷ്ടമായി. അങ്ങനെയാണ് ആട്ടോ മൊബൈൽ എൻജിനീയറിംഗ് കഴിഞ്ഞ് ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന മകനുമായി അവളുടെ വിവാഹം നടത്തിയത്. വിവാഹശേഷം ആട്ടോ മൊബൈൽ വർക്ക് ഷോപ്പ് നടത്താനായി ഉടുമ്പന്നൂരിലേക്ക് പോയ അവർ അവിടെ താമസമാക്കി. കഴിഞ്ഞ വർഷം മേയ് 23നായിരുന്നു മകന്റെ മരണം.
ഹൃദയാഘാതമായിരുന്നു മരണ കാരണം. എന്റെ മകൻ നല്ലവനായിരുന്നു. മകന്റെ വേർപാടോടെ അവളും മക്കളും ഞങ്ങൾക്കൊപ്പമായിരുന്നു. മാനസികമായി തളർന്ന അവളെ ഏറെ പണിപ്പെട്ടാണ് സാധാരണ നിലയിൽ തിരിച്ചുകൊണ്ടുവന്നത്. മകൻ മരണപ്പെട്ടെങ്കിലും ചെറുമക്കളുമായി ഭർത്താവിന്റെ ഓർമ്മകളുറങ്ങുന്ന വീട്ടിൽ കഴിയാൻ അവളോട് അപേക്ഷിച്ചു. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിന്റെയും തന്റെയും പെൻഷനും വിദേശത്ത് ഡോക്ടറായ മകളുടെ സഹായവും ഉറപ്പ് നൽകി.
മകന്റെ മരണശേഷം നിരന്തരം വീട്ടിൽ വരുമായിരുന്ന മകന്റെ പിതൃസഹോദരിയുടെ മകനായ അരുൺ ആനന്ദുമായി അവൾ ക്രമേണ അടുപ്പത്തിലായി. മകന്റെ മരണം കഴിഞ്ഞ് ആറുമാസമായപ്പോഴേക്കും അരുൺ ആനന്ദിനൊപ്പം ജീവിക്കാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. ലോകത്ത് ആരെ വേണമെങ്കിലും നീ വിവാഹം ചെയ്തോ, അവന്റെ കൂടെ പോകരുതെന്ന് അന്നേ ഉപദേശിച്ചതാണ്. വിവാഹബന്ധം വേർപെടുത്തി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിൽ കഴിയുന്ന അവനുമായുള്ള ജീവിതം ശരിയാകില്ലെന്ന് ഉപദേശിച്ചു. എന്നാൽ അതൊന്നും കൂസാതെ അരുണുമൊത്ത് ജീവിതം മോഹിച്ച് നാടുവിടുകയായിരുന്നു അവൾ.
അവളുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും അരുണിനൊപ്പം കഴിയാനായിരുന്നു അവൾ താത്പര്യം പ്രകടിപ്പിച്ചത്. അരുണിനൊപ്പം അവൾ ജീവിതം തുടങ്ങിയെന്ന് മനസിലാക്കിയപ്പോൾ അവന്റെ സ്വഭാവം അറിയാവുന്നതിനാൽ ഞങ്ങൾക്ക് ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് പൊലീസ് സംരക്ഷണത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനിടെ ഗൾഫിൽ ജോലി ചെയ്യുന്ന മകളുടെ സമീപത്തേക്ക് പോകാൻ അവസരം തരപ്പെട്ടതോടെ പൊലീസ് സഹായമൊന്നും വേണ്ടി വന്നില്ല. രണ്ടാഴ്ച മുമ്പാണ് ഞങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്.
മാദ്ധ്യമങ്ങളിലൂടെയാണ് ചെറുമകനെ അരുൺ ആനന്ദ് ക്രൂരമായി ഉപദ്രവിച്ച വിവരങ്ങൾ അറിയുന്നത്. ആശുപത്രിയിൽ പോയി കുഞ്ഞിനെ കണ്ടു. മുത്തശൻ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. പഠനത്തിൽ മിടുക്കിയും സൽസ്വഭാവിയുമായിരുന്ന തന്റെ മരുമകളായിരുന്ന അവളെ ഇത്തരത്തിലാക്കിയത് അവനാണ്. അരുണാണ് എല്ലാത്തിനും കാരണം. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള ഇളയകുട്ടിയെ ഞങ്ങൾ ആവശ്യപ്പെടും. അവനെ ഞങ്ങൾക്ക് വിട്ടുകിട്ടിയാൽ മകളുടെ മക്കൾക്കൊപ്പം അവനെ പൊന്നുപോലെ നോക്കും- ആ അമ്മ പറയുന്നു..