01

കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രത്തിലെ 126-ാമത് തിരുവാതിര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രത്തിൽ നിന്നു ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലൂടെ ആരംഭിച്ച വിളംബര ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം. കോലത്തുകര ക്ഷേത്ര സമാജം ഭരണസമിതി അംഗം വി. വിശ്വരാജന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7ന് കോലത്തുകര ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ ഭദ്രദീപം കൊളുത്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. തുടർന്ന് അരശുംമൂട്, മൺവിള, ചാവടിമുക്ക്, ശ്രീകാര്യം തുടങ്ങിയ ജംഗ്‌ഷനുകളിലെ സ്വീകരണത്തിന് ശേഷം 8.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ എത്തിച്ചേർന്നു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്രയ്‌ക്ക് സ്വീകരണം നൽകി. തുടർന്ന് പാങ്ങപ്പാറ ഗുരുമന്ദിരം, കഴക്കൂട്ടം എസ്.എൻ.ഡി.പി ശാഖ, തോന്നയ്ക്കൽ ആശാൻ സ്‌മാരകം, വക്കം ദേവേശ്വര ക്ഷേത്രം, വേലായുധൻ നട ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 1.30ന് ശിവഗിരിയിൽ എത്തിച്ചേർന്നു. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് ഉയർത്താനുള്ള ധർമ്മ പതാക മഹാസമാധിയിൽവച്ച് സ്വാമി വിശുദ്ധാനന്ദയിൽ നിന്നു ഘോഷയാത്ര ക്യാപ്ടൻ ഏറ്റുവാങ്ങി. തുടർന്ന് വെട്ടൂർ, കായിക്കര ആശാൻ സ്‌മാരകം, ശാർക്കര ഗുരുമന്ദിരം, പെരുങ്കുഴി എസ്.എൻ.ഡി.പി ശാഖ, മുസ്ലിം ജമാഅത്ത്, കാളകണ്ഠേശ്വര ക്ഷേത്രം, ആറ്റിൻകുഴി ദേവീ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 5.30ന് കുളത്തൂർ മുക്കോലയ്ക്കൽ ജഗ്‌ഷനിൽ എത്തിച്ചേർന്നു. തുടർന്ന് വാദ്യഘോഷങ്ങളുടെയും താലപ്പൊലി, മുത്തുക്കുട തുടങ്ങി അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തി ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബുവിന് ധർമ്മ പതാക കൈമാറിയതോടെ വിളംബര ഘോഷയാത്രയ്ക്ക് സമാപനമായി.