കെനിയ: പട്ടിണിയും വരൾച്ചയും നേരിടുന്ന പ്രദേശങ്ങളാണ് കെനിയയെന്ന് പറയുമ്പോൾ ലോകത്തിന് ആദ്യം ഓർമ വരിക. പക്ഷേ ഇക്കുറി ലോകത്തെ മികച്ച അദ്ധ്യാപകനുണ്ടായതും ഈ രാജ്യത്തു നിന്നു തന്നെയാണ്. ഇന്റർനെറ്റ് കണക്ഷൻ പോലും ശരിക്കു ലഭിക്കാത്ത ഈ നാട്ടിൽ കമ്പ്യൂട്ടർ അദ്ധ്യാപകനായ ബ്രദർ പീറ്റർ താബിച്ചിയാണ് ലോകത്തെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം സ്വീകരിച്ചത്. പരിമിതികൾക്കുള്ളിൽ നിന്ന് അദ്ദേഹത്തിനു കീഴിൽ നിരവധി ദരിദ്രരായ കുട്ടികൾ എൻജിനീയറിംഗിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകൾക്കും യോഗ്യത നേടി.
കെനിയയിലെ റിഫ്റ്റ് താഴ്‌വരയിൽ പവ്നി ഗ്രാമത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പീറ്റർ ക്ലാസെടുക്കുന്നത്. സയൻസ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മോശമായ റോഡിലൂടെ പൊടിക്കാറ്റും ചൂടുംകൊണ്ട് ആറുകിലോമീറ്ററിലധികം നടന്നാണ് വിദ്യാർഥികളിൽ ഏറെപ്പേരും ഇവിടെയെത്തുന്നത്. “എന്റെ ശിഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ ഈ വിജയം ശിഷ്യർക്ക് കൂടുതൽ മനോധൈര്യം നൽകുമെന്നാണ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പീറ്റർ പറഞ്ഞത്. ദുബായിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് പീറ്റർ ആദ്യമായി വിമാനത്തിൽ യാത്രചെയ്തത്. സമ്മാനത്തുകയായ
ഒരു ലക്ഷം ഡോളറിന്റെ (ഏകദേശം ഏഴുകോടി രൂപ മൂന്നിലൊരുഭാഗം സ്കൂളിന്റെ ഉയർച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കാനാണ് പീറ്ററിന്റെ പദ്ധതി. കെനിയയിലെ നാകുരു ഗ്രാമത്തിലുള്ള പീറ്ററിന്റെ വീട് വംശനാശം നേരിടുന്ന വെള്ള റൈനോസറുകൾക്കുള്ള അഭയകേന്ദ്രം കൂടിയാണ്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ ഒരു ചിത്രകലാ അധ്യാപകനായിരുന്നു പുരസ്കാരം ലഭിച്ചത്.