അത്യസാധാരണമായ വരൾച്ചയും ജലക്ഷാമവും കൊണ്ട് ഏറെ കഷ്ടപ്പെട്ടിട്ടും ജലാശയങ്ങൾ ശുദ്ധിയായി സൂക്ഷിച്ചു നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളും സർക്കാരും തിരിച്ചറിയുന്നില്ലെന്നത് മഹാപരാധം തന്നെയാണ്. സംസ്ഥാനത്തെ നദികളിൽ മുപ്പത്തൊൻപതും മലിനമായിക്കഴിഞ്ഞുവെന്നാണ് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തിയത്. ഇവ എങ്ങനെയെല്ലാമാണ് മലിനമായതെന്നു വ്യക്തമായി അറിയുകയും ചെയ്യാം. ജലമലിനീകരണത്തിനെതിരെ നിയമം ശക്തമാക്കിയിട്ട് രണ്ടുവർഷമായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകൾ മാത്രമാണ് എടുത്തിട്ടുള്ളതെന്ന് കാണുന്നു. നിയമം നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കുള്ള താത്പര്യക്കുറവിന്റെ തെളിവാണിത്. ജലാശയങ്ങൾ കൂടുതൽ മലിനമാകുന്തോറും കുടിനീർ ക്ഷാമവും വർദ്ധിക്കും. കടുത്ത വേനലിൽ ഒരു കുടം തെളിനീരിനായി അലയുന്നവർ നാട്ടിലെമ്പാടുമുള്ളപ്പോഴാണ് ഒരു ദയയുമില്ലാതെ നദികളും മറ്റു ജലസ്രോതസുകളും മലിനപ്പെടുത്തുന്നത്. നദികളിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് 500 എം.പി.എനിൽ കൂടുതലായാൽ മനുഷ്യോപയോഗത്തിന് പറ്റിയതല്ലെന്നാണ് ശാസ്ത്രീയ മതം. എന്നാൽ ഇവിടെ ഏതു പുഴയിലെ വെള്ളം പരിശോധിച്ചാലും ഇ - കോളിയുടെ തോത് അനുവദനീയമായതിന്റെ അഞ്ചും ആറും ഇരട്ടിയാണ്. പരിശോധനാ ഫലം മുന്നിലുണ്ടായിട്ടും കണ്ണടച്ചിരിക്കാനാണ് അധികൃതർക്ക് ഇഷ്ടം. നദികളും പുഴകളും മറ്റു നീർച്ചാലുകളും മലിനമാക്കുന്നവർക്കെതിരെ ചെറുവിരൽ പോലും അനക്കുന്നില്ല. അറവുമാലിന്യങ്ങൾ ഉൾപ്പെടെ സകലതും നിർബാധം നിക്ഷേപിക്കാനുള്ള ഇടമാണ് ഇന്ന് ഓരോ പുഴയും. വന്നു വന്ന് കായലുകളും കടലുമൊക്കെ വൻതോതിൽ മലിനമായിക്കൊണ്ടിരിക്കുകയാണ്. പഠന റിപ്പോർട്ടുകൾ വായിച്ച് ഉത്കണ്ഠപ്പെടാനല്ലാതെ മലിനീകരണത്തോത് കുറയ്ക്കാനാവശ്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. വരും തലമുറകളോടു പോലും കാണിക്കുന്ന പൊറുക്കാനാവാത്ത തെറ്റാണിത്.
ജലസ്രോതസുകളുടെ പരിപാലനവും മലിനീകരണ നിയന്ത്രണവുമൊക്കെ തദ്ദേശ സ്ഥാപനങ്ങളുടെയും ഇറിഗേഷൻ വകുപ്പിന്റെയും ചുമതലയിൽപ്പെട്ട കാര്യമാണ്. എന്നാൽ നല്ലൊരളവിൽ മലിനീകരണത്തിനു കാരണക്കാരാകുന്നതും ഇക്കൂട്ടർ തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിൽ കാണിക്കുന്ന അക്ഷന്തവ്യമായ അനാസ്ഥ ജലമലിനീകരണത്തിന് വലിയ തോതിൽ ആക്കം കൂട്ടുന്നുണ്ട്. ശൗചാലയങ്ങളുടെ അഭാവം നദികളുടെയും കായലുകളുടെയും സമീപത്ത് താമസിക്കുന്നവരെ വിസർജ്ജ്യങ്ങൾ സംസ്കരിക്കാത്ത രൂപത്തിൽത്തന്നെ ജലസ്രോതസുകളിലേക്ക് ഒഴുക്കിവിടാൻ പ്രേരിപ്പിക്കുന്നു. ഗാർഹിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഇവിടെത്തന്നെ. ഇതിന് പുറമെയാണ് മത്സ്യ - മാംസ അവശിഷ്ടങ്ങൾ വൻതോതിൽ എത്തുന്നതുകൊണ്ടുള്ള അപകടാവസ്ഥ. മലയാളികളുടെ മാംസാഹാരശീലം അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങളുടെ അളവ് വൻതോതിലാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. എന്നാൽ തങ്ങളുടെ പരിധിയിൽ എത്ര കശാപ്പുശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന പ്രാഥമിക അറിവുപോലുമില്ലാത്തവയാണ് ഒട്ടുമിക്ക സ്ഥാപനങ്ങളും. നിയമപ്രകാരമുള്ള ലൈസൻസ് ഉള്ളവയുടെ എത്രയോ മടങ്ങുവരും അനധികൃത കശാപ്പുശാലകൾ.
ജലസ്രോതസുകൾ മലിനമാക്കിയാൽ രണ്ടുലക്ഷം രൂപ വരെ പിഴയും മൂന്നുവർഷം വരെ തടവുമാണ് ശിക്ഷ. നാല്പത്തിനാലു നദികളിൽ മുപ്പത്തൊൻപതും മാരകമായ നിലയിൽ മലിനമായിക്കഴിഞ്ഞിട്ടും അതിന്റെ പേരിൽ ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. അരുവികളുടെയും നീർച്ചാലുകളുടെയും ചെറിയ ജലസ്രോതസുകളുടെയും അവസ്ഥ ഇതിനെക്കാൾ ദയനീയമാണെന്നു പറയാൻ പ്രത്യേകം പഠന റിപ്പോർട്ടുകളുടെ സഹായമൊന്നും വേണ്ട. ജനങ്ങൾ തങ്ങൾക്കു തൊട്ടരികെ തന്നെ അതു കാണാനാകും. ജലസംരക്ഷണം നിലനില്പിനു തന്നെ ആധാരമാണെന്ന ബോധം ജനങ്ങളുടെ മനസിൽ ദൃഢമായാലേ നദികളും പുഴകളുമൊക്കെ ഒരു പരിധി വരെയെങ്കിലും ശുദ്ധിയോടെ സൂക്ഷിക്കാൻ കഴിയൂ. തങ്ങൾക്കു വേണ്ടാത്തതെന്തും ഉപേക്ഷിക്കാനുള്ള ഇടമായി ജലസ്രോതസുകളെ കാണുന്നവർ സാമൂഹ്യവിരുദ്ധർ മാത്രമല്ല, ജനദ്റോഹികൾ കൂടിയാണ്. തങ്ങൾക്കും ഭാവി തലമുറയ്ക്കും വേണ്ടി നിധിപോലെ സൂക്ഷിക്കേണ്ട പ്രകൃതിയുടെ വരദാനത്തെയാണ് അധമ പ്രവൃത്തിയിലൂടെ തങ്ങൾ ഇല്ലാതാക്കുന്നതെന്ന് തിരിച്ചറിയുക തന്നെ വേണം. ജലം മലിനമാക്കുന്നതിനെതിരെയുള്ള നിയമം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങൾക്കിടയിൽ ബോധവത്കരണവും പതിന്മടങ്ങു ശക്തമാക്കേണ്ടതുണ്ട്.
നദികളുടെ ഉത്ഭവകേന്ദ്രങ്ങളിലെ പരിസ്ഥിതിനാശത്തെക്കുറിച്ച് ശാസ്ത്രജ്ഞരും മറ്റും പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി.എന്നാൽ ആ വിഷയത്തെ ഗൗരവമായി സമീപിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കാണുന്നില്ല.മരങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ആ മേഖലകളെ ഹരിതാഭമാക്കാനുള്ള ശ്രമം ഇനിയും വൈകിക്കൂട.പരിസ്ഥിതി സംരക്ഷിക്കുമെന്ന് വാതോരാതെ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല പ്രവർത്തിച്ച് കാണിക്കുകയാണ് വേണ്ടത്.സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയമുണ്ടായപ്പോൾ പ്രകൃതി സംരക്ഷണ പാഠങ്ങളെക്കുറിച്ച് ധാരാളം ചർച്ചകളും പ്രതിജ്ഞയെടുക്കലുമൊക്കെ നടന്നതാണ്. പ്രളയ ദുരിതം വിട്ടൊഴിഞ്ഞ ഉടനെ എല്ലാവരും അതൊക്കെ മറന്നു. ഇപ്പോൾ മനുഷ്യരെയും പ്രകൃതിയെത്തന്നെയും കരിച്ചുകളയുന്ന കൊടിയ വേനലിന്റെ പിടിയിലാണ് സംസ്ഥാനം. സമൃദ്ധമെന്നു കരുതിയിരുന്ന കുടിനീർ സ്രോതസുകൾ അതിവേഗം വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. മാലിന്യനിക്ഷേപം മൂലം ഉപയോഗശൂന്യമായ ജലസ്രോതസുകളെ നോക്കി ഏവരും നെടുവീർപ്പിടുന്നു. അപ്പോഴും ജലസംരക്ഷണത്തിന്റെ പ്രാധാന്യം വേണ്ടവിധം മനസിലാക്കുന്നുമില്ല.