divorce

ബംഗളുരു: വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വിവാഹ മോചനവും. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ സംഭവം സത്യമാണ്. നമ്മുടെ ബംഗളുരുവിലാണ് ‌ഇതു നടന്നത്. വിവാഹിതയായി നിമിഷങ്ങൾക്കുള്ളിൽ തന്നെ കന്യകാത്വ പരിശോധനയ്ക്കും ഗർഭനിർണയ പരിശോധനയ്ക്കും വിധേയയാക്കിയതാണ് വധുവിനെ ചൊടിപ്പിച്ചത്. മാട്രിമോണിയൽ സൈറ്റുവഴിയാണ് വിവാഹം ഉറപ്പിച്ചത്. എംബിഎ ബിരുദധാരികളായ വരനും വധുവും കർണാടകയിലെ രണ്ടു കമ്പനികളിൽ ഉദ്യോഗസ്ഥരുമാണ്. 26വയസ്സുകാരിയായ രക്ഷയാണ് വിവാഹദിവസം തനിക്കു നേരിടേണ്ടി വന്ന വലിയൊരു അപമാനത്തിന്റെ പേരിൽ ഭർത്താവ് ശരത്തിൽ നിന്ന് വിവാഹമോചനം നേടാൻ മുന്നോട്ടുവന്നത്. വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കേ വധുവിന്റെ മാതാവ് മരണമടഞ്ഞു. ആ വിഷമത്തിൽ നിന്ന് കരകയറും മുൻപു തന്നെ നേരത്തേ തീരുമാനിച്ച വിവാഹത്തിനായി കഴുത്തുനീട്ടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതും പെൺകുട്ടി ശർദ്ദിച്ചു. വായുകോപം മൂലമാണ് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും വിശ്വസിക്കാതെ ശരത് പെൺകുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോവുകയും അവളെ കന്യകാത്വ പരിശോധനയ്ക്കും ഗർഭനിർണയ പരിശോധനയ്ക്കും വിധേയയാക്കുകയും ചെയ്തു. ഇതറിഞ്ഞ രക്ഷ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.