തിരുവനന്തപുരം: വില്പന നികുതി രണ്ട് ശതമാനം കൂട്ടിയതിനാൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവിലയിൽ ഇന്നു മുതൽ നേരിയ വർദ്ധനയുണ്ടാവും. സാധാരണ ബ്രാൻഡുകൾക്ക് ഫുൾ ബോട്ടിലിന് 10 രൂപയുടെയും പ്രിമിയം ബ്രാൻഡുകൾക്ക് 20 രൂപയുടെയും വരെ വർദ്ധനയാണ് ഉണ്ടാവുക.
എന്നാൽ പൈന്റ് ബോട്ടിലിന് മിക്ക ഇനങ്ങൾക്കും വില വർദ്ധനയില്ല. ബിയർ വിലയും കൂടില്ല. ജനപ്രിയ മദ്യങ്ങളുടെ നികുതി 200 ശതമാനത്തിൽ നിന്ന് 202 ശതമാനമായും പ്രിമിയം ബ്രാൻഡുകളുടേത് 210 ൽ നിന്ന് 212 ശതമാനമായുമാണ് കൂട്ടിയത്. പ്രളയത്തെ തുടർന്നുള്ള പുനർനിർമാണ-പുനരധിവാസ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരം നൽകാനുമുള്ള ഫണ്ടിലേക്കാണ് വർദ്ധനയിലൂടെ കിട്ടുന്ന തുക പോവുക. പ്രളയത്തിന് ശേഷം ഫണ്ട് സമാഹരണാർത്ഥം മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു. നവംബർ 30നാണ് ഇത് പിൻവലിച്ചത്. സെസിലൂടെ 309 കോടിയാണ് സർക്കാരിന് ലഭിച്ചത്.
അതേസമയം, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാർഹോട്ടലുകൾക്ക് കസ്റ്റംസ് ബോണ്ടഡ് വെയർ ഹൗസുകളിൽ നിന്ന് വിദേശ നിർമ്മിത വിദേശ മദ്യം (എഫ്.എം.എഫ് .എൽ) നേരിട്ട് വാങ്ങാനുള്ള ലൈസൻസ് പുനഃസ്ഥാപിച്ചു. മുമ്പുണ്ടായിരുന്ന ലൈസൻസ് കഴിഞ്ഞ ആഗസ്റ്റിൽ ബിവറേജസ് വില്പനശാലകൾ വഴി എഫ്.എം.എഫ്.എൽ വിറ്റഴിക്കാൻ തീരുമാനിച്ചതോടെ റദ്ദാക്കുകയായിരുന്നു..
വിദേശ മദ്യക്കമ്പനികളുടെ വിവിധ ഏജൻസികൾ വഴിയാണ് ബിവറേജസ് കോർപറേഷനിൽ വിദേശ നിർമ്മിത വിദേശ മദ്യം എത്തുന്നത്. നക്ഷത്ര ബാറുകാർ കസ്റ്റംസ് വെയർഹൗസുകളിൽ നിന്ന് നേരിട്ട് മദ്യം വാങ്ങുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി മുൻകൂറായി ഒടുക്കേണ്ടതില്ല. വില്പനയ്ക്ക് അനുസരിച്ച് അടച്ചാൽ മതി. ലൈസൻസ് നിറുത്തിയതോടെ ഈ സൗകര്യം ഇല്ലാതായി.
വിദേശിയുടെ വില്പന നാലരക്കോടി ഏഴു മാസത്തിനുള്ളിൽ ബിവറേജസ് വില്പന ശാലകൾ വഴി വിറ്റഴിഞ്ഞത് നാലര കോടിയുടെ വിദേശ നിർമ്മിത വിദേശമദ്യമാണ്. 2018 ആഗസ്റ്റിലാണ് എഫ്.എം.എഫ്.എൽ വില്പന ബെവ്കോ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി വരെ 17,000 കെയ്സ് മദ്യമാണ് വിറ്റത്.എന്നാലിത് പ്രതീക്ഷയ്ക്കൊത്തുള്ള വില്പനയല്ലെന്നാണ് കണക്കാക്കുന്നത്. ബിവറേജസ് ചില്ലറ വില്പന ശാലകളുടെ നിലവാരമില്ലായ്മയാണ് ഇതിന് കാരണമെന്ന് വിതരണക്കാർ പറയുന്നു. പ്രിമിയം കൗണ്ടറുകളുള്ള കൊച്ചി ഗാന്ധിനഗർ,തിരുവനന്തപുരം പവർഹൗസ് റോഡ്, കൊല്ലം ചിന്നക്കട വില്പനശാലകളിൽ നല്ല വില്പന കിട്ടുമ്പോൾ മറ്റ് ഔട്ട്ലെറ്റുകളിൽ കുപ്പികൾ വേണ്ടവിധം പ്രദർശിപ്പിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി.
ചില ബ്രാൻഡുകളുടെ പുതിയ വില (ബ്രായ്ക്കറ്റിൽ പഴയവില)
സെലിബ്രേഷൻ റം (ഫുൾബോട്ടിൽ).....520(510)
ജവാൻ റം (ഫുൾ ബോട്ടിൽ)...360(350)
ഓൾഡ് കാസ്ക് റം (ഫുൾ ബോട്ടിൽ) ......540(530)
എം.സി ബ്രാണ്ടി (ഫുൾബോട്ടിൽ).......560 (550)
എം.എച്ച് ബ്രാണ്ടി (ഫുൾ ബോട്ടിൽ).....820(810)