shashi-tharoor
SHASHI THAROOR

തിരുവനന്തപുരം: തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. ശശി തരൂരും അടൂർ പ്രകാശും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉദയന്നൂരിൽ നിന്ന് മണ്ഡല പര്യടനം ആരംഭിച്ച ശേഷമാണ് തരൂർ പത്രിക സമർപ്പിച്ചത്. ഇന്നലെ രാവിലെ 11.45ന് ശാസ്‌തമംഗലത്തെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം ചെയർമാൻ തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവരുമായി ആശയവിനിമയം നടത്തി. തുടർന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം 12.30ന് വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. തമ്പാനൂർ രവി,​ എം.എൽ.എമാരായ വി.എസ്. ശിവകുമാർ,​ എം. വിൻസെന്റ് എന്നിവരാണ് തരൂരിനെ നിർദ്ദേശിച്ചത്. മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളാണ് തരൂരിന് കെട്ടിവ‌യ്‌ക്കാനുള്ള തുക നൽകിയത്.

യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എൻ. ശക്തൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, തരൂരിന്റെ സഹോദരി ശോഭ തരൂർ,​ മണക്കാട് സുരേഷ്,​ ബീമാപള്ളി റഷീദ് തുടങ്ങിയവർ തരൂരിനൊപ്പമുണ്ടായിരുന്നു.

ഇന്നലെ രാവിലെ അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷം ആറ്റിങ്ങലിലെ കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ആഫീസിലെത്തിയ അടൂർ തുടർന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഡി.സി.സി ഓഫീസിലെത്തി. അവിടെ നിന്ന് 12.30 ഓടെ പ്രവർത്തകരോടൊപ്പം സിവിൽ സ്റ്റേഷനിലെത്തി വരണാധികാരിയായ ജില്ലാകളക്ടർക്ക് പത്രിക സമർപ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ആറ്റിങ്ങൽ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് ചെയർമാൻ കരകുളം കൃഷ്ണപിള്ള, പാലോട് രവി, വർക്കല കഹാർ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, തോന്നയ്‌ക്കൽ ജമാൽ, വിതുര ശശി, കിളിമാനൂർ സുദർശനൻ, രമണി പി. നായർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

'എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. ദേശീയതലത്തിൽ തിരുവനന്തപുരത്ത് അനുയോജ്യമായ ശബ്ദം ഏതെന്ന് വോട്ടർമാർക്ക് അറിയാം".

- ഡോ. ശശി തരൂർ

'ആറ്റിങ്ങലിൽ എന്റെ വിജയം നൂറ്റിയൊന്നു ശതമാനവും ഉറപ്പാണ്".

- അടൂർ പ്രകാശ്