തിരുവനന്തപുരം:വയനാട്ടിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് പരിഹസിച്ചുള്ള സി.പി.എം പത്രത്തിന്റെ മുഖപ്രസംഗം വിവാദത്തിലായി.
രാഹുലിനെതിരെ ബി.ജെ.പി ഉപയോഗിച്ച അധിക്ഷേപവാക്ക് സി.പി.എമ്മും ഏറ്റുപിടിച്ചെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. സമൂഹമാദ്ധ്യമങ്ങളിലും ഇത് ചർച്ചയായതോടെ മുഖപ്രസംഗത്തിലെ പരാമർശം ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണെന്നും അത് തിരുത്തുന്നതായും വിശദീകരിച്ച് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ പി.എം. മനോജ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. സി.പി.എം നേതൃത്വം ഇടപെട്ടതിനെ തുടർന്നാണിതെന്ന സൂചനയുണ്ട്.
'കോൺഗ്രസ് തകർച്ച പൂർണ്ണമാക്കാൻ പപ്പുസ്ട്രൈക്ക്' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവെങ്കിലും ആ ചെപ്പടിവിദ്യ കൊണ്ട് ന്യൂനപക്ഷങ്ങളെ പറ്റിക്കാനാവില്ലെന്നും അമേതിയിലെ പരാജയഭീതി കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നും പറയുന്നു. അമേതിയിൽ രാഹുൽ വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് വിരുദ്ധമാണ് ഈ പരാമർശമെന്നതും ശ്രദ്ധേയമായി.
മുഖപ്രസംഗത്തിലെ പരാമർശം മാദ്ധ്യമലോകത്തിന് അപമാനമാണെന്ന് വി.ടി. ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ ആരോപിച്ചു. എന്നാൽ, രാഹുൽഗാന്ധിയെ എന്നല്ല, രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ലെന്ന് പി.എം. മനോജ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. രാഹുൽഗാന്ധിയെ ബി.ജെ.പി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കെ. മുരളീധരൻ സോണിയഗാന്ധിയെ മദാമ്മ എന്ന് വിളിച്ചപ്പോഴും ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടില്ല. എതിർത്തിട്ടേയുള്ളൂ. മുഖപ്രസംഗത്തിലെ പപ്പുസ്ട്രൈക്ക് എന്ന പ്രയോഗം അനുചിതമാണ്. ജാഗ്രതക്കുറവാലുണ്ടായ പിശകാണത്. അത് തിരുത്താൻ ഞങ്ങളൊട്ടും മടിക്കുന്നില്ല. ബി.ജെ.പി പപ്പുമോൻ എന്ന് പരിഹസിച്ചപ്പോൾ ഉണ്ടാകാത്ത വികാരവിക്ഷോഭവുമായി ചിലർ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകനായ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ ഉറച്ചുനിൽക്കുകയും ചെയ്ത വി.ടി. ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോഴുണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്നും മനോജ് കുറ്റപ്പെടുത്തി.