valiyathura
രാഹുൽ ഇവിടെ മത്സരിക്കാൻ വന്നാൽ ഈ കണവ മുഴുവൻ വറുത്ത് കൊടുക്കും ........ രാഹുൽഗാന്ധിയുടെ വരവിനെ പ്രതീക്ഷയോടെ കാണുന്ന മത്സ്യവില്പനക്കാരി ഗ്രേസി .ഫോട്ടോ സുഭാഷ് കുമാരപുരം

തിരുവനന്തപുരം : കേരളത്തിലേക്ക് രാഹുൽ ഗാന്ധി കൂടി വന്നതോടെ ആളു കൂടുന്നിടത്തൊക്കെ തിരഞ്ഞെടുപ്പ് ചർച്ചകൾ പൊടിപൊടിക്കുകയാണ്. എവിടെയും രാഷ്ട്രീയമാണ് വിഷയം. വലിയതുറയിലെ കടൽപ്പാലത്തിന് സമീപത്തെ മീൻചന്തയിൽ കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും സംസാരവിഷയം രാഹുൽഗാന്ധി തന്നെ. "രാഹുല് നമ്മുടെ പുള്ളയല്ലേ. ചെക്കന്റെ വരവ് മലയാളികൾക്ക് അഭിമാനമാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുലിന് വോട്ടുചെയ്യാൻ പറ്റുക എന്ന് പറഞ്ഞാൽ വലിയ ഭാഗ്യമല്ലേ...വയനാടുകാരുടെ ഒരു ഭാഗ്യമേ.."ഹെഡ്ലോഡ് യൂണിയൻ തൊഴിലാളിയായ വിജയൻ ആവേശത്തിലാണ്.

valiyathura
വലിയതുറ പാർക്കിന് സമീപത്ത് ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന ഹൈസൺ ,വിജയൻ, റാഫ്സ്ബർ തോമസ് .ഫോട്ടോ സുഭാഷ് കുമാരപുരം

സമീപത്ത് കേട്ടിരുന്ന റാഫ്സബർ തോമസ് ശരിവച്ചു. "കോൺഗ്രസിൽ പരസ്പരം പാരപണിയലാണ് പതിവെന്ന് നേരത്തേ ആൾക്കാർ പറയാറുണ്ട് . പക്ഷേ ഇക്കുറി അത് നടക്കൂല, എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. കേരളമൊട്ടാകെ രാഹുൽ തരംഗമുണ്ടാകും". അതും കൂടി കേട്ടപ്പോൾ തൊട്ട് അടുത്തിരുന്ന ജോണിക്ക് സഹിച്ചില്ല. .' ഇവിടെ ആരുവന്നാലും അവനവന് കൊള്ളാം. ദേ കണ്ടാ ഞങ്ങടെ വീട് കടലെടുത്തു പോയിട്ട് മാസങ്ങളായി. അന്ന് വന്നതല്ലാതെ ഒരാളുപോലും പിന്നീട് തിരിഞ്ഞു നോക്കിയില്ല, ആരു വന്നാലെന്താ പോയാലെന്താ, നമ്മക്ക് ജീവിക്കണമെങ്കിൽ പണിക്ക് പോയേ പറ്റൂ ".രാഹുൽ വന്നാൽ എന്തുണ്ടാവുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു നിർമ്മാണത്തൊഴിലാളി സേവ്യറിന്റെ അഭിപ്രായം.

തൊട്ടപ്പുറത്ത് അയലയും കണവയും മത്തിയും വിൽക്കുന്നതിനിടെ ഗ്രേസി പറഞ്ഞു, ''രാഹുല് വരണം, വന്നാലേ പാവപ്പെട്ടവന് ജീവിക്കാൻ പറ്റൂ. രാഹുലിന്റെ അമ്മൂമ്മ ഭരിച്ചിരുന്നപ്പം ഇവിടെ ആർക്കും പേടിക്കാതെ ജീവിക്കാമായിരുന്നു, ഇപ്പോൾ ഇറച്ചിയും കഴിക്കാൻ പറ്റില്ല, രാഹുൽ ഇവിടെ വന്നാൽ ഈ കണവ മുഴുവൻ രാഹുലിന് വറുത്ത് കൊടുക്കും" അമ്മച്ചിയാണെ സത്യം.