ആറ്റിങ്ങൽ: വേനൽ കടുത്തതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ ആശ്രയമായ വാമനപുരം നദിയിൽ ജലനിരപ്പ് കുറയുന്നു. ഇതോടെ ജലവിതരണത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് വാട്ടർഅതോറിട്ടി അധികൃതരുടെ തീരുമാനം. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ വാട്ടർ അതോറിട്ടി നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പൂവമ്പാറയ്ക്ക് സമീപം തടയണ ഒരുക്കിയാണ് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം സംഭരിക്കുന്നത്. ഈ തടയണ ഇക്കുറി താത്കാലികമായി ഉയർത്തിയിട്ടും മുകളിലെ നീരൊഴുക്ക് കുറഞ്ഞതുകാരണം വെള്ളം താഴുകയാണ്.
നിയന്ത്രണം ഇങ്ങനെ
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ അടുത്ത ദിവസം മുതൽ രാവിലെ 4 മുതൽ വൈകിട്ട് 7 വരെ മാത്രമേ കുടിവെള്ളം ലഭിക്കൂ
കടയ്‌ക്കാവൂർ പഞ്ചായത്തിൽ ആഴ്ചയിൽ മൂന്ന് ദിവസവും വക്കം, അഞ്ചുതെങ്ങ്, കിഴുവിലം പഞ്ചായത്തുകളിൽ ആഴ്ചയിൽ
രണ്ടു ദിവസവും ചിറയിൻകീഴ് പഞ്ചായത്തിൽ 2 ദിവസം തുടർച്ചയായി ആഴ്ചയിൽ 2 പ്രാവശ്യവും വെള്ളം നൽകാനാണ് തീരുമാനം
അഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ തരംതിരിച്ച് ഓരോ മേഖലയിലും ഒന്നിടവിട്ട ദിവസങ്ങളിൽ 12 മണിക്കൂർ വീതം ജലവിതരണം നടക്കും. അഴൂർ പഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, മാടൻവിള പ്രദേശങ്ങളിൽ ആഴ്ചയിൽ 2 ദിവസം ജലവിതരണം നടക്കും. കിളിമാനൂർ, പഴയകുന്നിന്മേൽ, മടവൂർ, നഗരൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസം ഇടവിട്ടായിരിക്കും ജലവിതരണം
വർക്കല മുനിസിപ്പാലിറ്റിയിൽ രണ്ട് ദിവസം തുടർച്ചയായി ആഴ്ചയിൽ രണ്ട് പ്രാവശ്യം വെള്ളം ലഭ്യമാക്കും. വർക്കല വാട്ടർ സപ്ലൈ സബ് ഡിവിഷനിലെ മറ്റു പഞ്ചായത്തുകളായ ഇടവ, ഇലകമൺ, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, നാവായിക്കുളം എന്നിവിടങ്ങളിൽ രണ്ട് ആഴ്ചയിൽ മൂന്ന് ദിവസവും കുടിവെള്ളം ലഭിക്കും. ഉപഭോക്താക്കൾ ജല ഉപയോഗം പരിമിതപ്പെടുത്തി സഹകരിക്കണമെന്നും എ.ഇ അറിയിച്ചു. കുടിവെള്ള സംബന്ധമായി പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ: 9788127945.
കുടിവെള്ള ദുരുപയോഗം: ശക്തമായ നടപടി
കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുമെന്ന് വാട്ടർഅതോറിട്ടി അധികൃതർ അറിയിച്ചു. പൊതുടാപ്പിൽ നിന്നും കന്നുകാലികളെ കുളിപ്പിക്കുന്നതിനും വാഹനം കഴുകുന്നതിനും വീടുകളിലേക്കും പറമ്പുകളിലേക്കും ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തുന്നതും കണ്ടെത്തിയാൽ ആ ടാപ്പ് അടച്ചുപൂട്ടും. ഗാർഹിക കണക്ഷനിൽ ആറ് മാസത്തിൽ കൂടുതൽ കുടിശികയുള്ളവരുടെയും ഗാർഹികേതര കണക്ഷനിൽ രണ്ട് മാസത്തിൽ കൂടുതൽ കുടിശികയുള്ളവരുടെയും കണക്ഷനുകൾ മുന്നറിയിപ്പ് കൂടാതെ വിച്ഛേദിക്കും. ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പ് ഓഫീസുമായി ബന്ധപ്പെട്ടാൽ തവണകളായി അടയ്ക്കാൻ അവസരം നൽകും. ബില്ല് ലഭിക്കാത്തവർക്കും ഓഫീസുമായി ബന്ധപ്പെട്ട് ബില്ലും കുടിശികയുടെ വിവരങ്ങളും ലഭിക്കും. കുടിശികമൂലം കണക്ഷൻ വിച്ഛേദിച്ച ഉപഭോക്താക്കളിൽ കുടിശിക അടയ്ക്കാത്തവരിൽ നിന്നും ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചോർച്ച മൂലമുള്ള ജലനഷ്ടവും ജലമോഷണവും ദുർവിനിയോഗവും ശ്രദ്ധയിൽപ്പെട്ടാൽ 04702620574, 8547638356 (ആറ്റിങ്ങൽ), 8547638359 (വർക്കല) എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.