തിരുവനന്തപുരം: നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം കൂടി മുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. ശമ്പള വിതരണത്തിനുള്ള തുക ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പ് മുഖേന കത്ത് നൽകിയിട്ടുണ്ടെങ്കിലും പണം തത്കാലം നൽകാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പുതിയ എം.ഡി ചുമതലയേറ്റെടുത്ത ശേഷം വരുമാനത്തിൽ വൻ കുറവുണ്ടായതിൽ ഗതാഗത വകുപ്പിനും അമർഷമുണ്ട്. കോർപറേഷനിലെ ഓഫീസ് ജീവനക്കാർ ഒഴികെയുള്ളവർക്ക് 13,000 രൂപ വീതമാണ് 31ന് ശമ്പളം നൽകിയത്. ശമ്പളത്തിന്റെ പകുതി പോലും വരില്ല ഇത്. ജീവനക്കാരിൽ ഒരു രൂപ പോലും കിട്ടാത്തവരുമുണ്ട്. ജീവനക്കാരും ശമ്പളം മുടങ്ങിയതോടെ കടുത്ത അമർഷത്തിലാണ്.
കോർപറേഷന്റെ പക്കലുണ്ടായിരുന്ന 40 കോടി രൂപ വച്ചാണ് 13,000 വീതം നൽകിയത്. ഇവർക്കുള്ള ബാക്കി തുകയും ഓഫീസ് ജീവനക്കാർക്കുള്ള ശമ്പളവും വിതരണം ചെയ്യണമെങ്കിൽ 23 കോടി രൂപ കൂടി വേണ്ടി വരും. ഈ തുക ആവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്ത് നൽകി കാത്തിരിക്കുന്നത്.
മുൻ എം.ഡിക്ക് ശമ്പളം വേണ്ട
ഇപ്പോഴത്തെ എം.ഡിക്ക് 1.63 ലക്ഷം
മുൻ എം.ഡി ടോമിൻ ജെ.തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡിയുടെ അധിക ചുമതല വഹിച്ചിരുന്നതിനാൽ അദ്ദേഹത്തിന് കോർപ്പറേഷൻ വക ശമ്പളം നൽകേണ്ടതില്ലായിരുന്നു. എന്നാൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തു നിന്നു മാറി എം.ഡിയായി എത്തിയ എം.പി. ദിനേശിന് ശമ്പളം കോർപറേഷൻ തന്നെയാണ് നൽകുന്നത്. 1.63 ലക്ഷമാണ് അദ്ദേഹത്തിന്റെ ശമ്പളം. കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ ഒരു രൂപ പോലും കിട്ടാത്തവരുടെ കൂട്ടത്തിൽ എം.ഡിയുമുണ്ട്
കടം വാങ്ങേണ്ടി വരും
ബാങ്കുകളിൽ നിന്നു കടം വാങ്ങുകയാണ് കോർപറേഷന്റെ മുന്നിലുള്ള മറ്റൊരു മാർഗം. അതിനു സർക്കാർ ഗാരന്റി ആവശ്യമാണ്. കോർപറേഷന് ലഭിക്കുന്ന വരുമാനം കൊണ്ട് ദൈനംദിന ചെലവുകൾ പോലും നടന്നു പോകുന്നില്ലെന്നും ശമ്പളം നൽകാൻ കടം വാങ്ങേണ്ടി വരുമെന്നും കാണിച്ച് കഴിഞ്ഞ മാസം 25ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്‌ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നിരിക്കുകയാണ്.