തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പ്രലോഭനങ്ങൾ കൊണ്ടോ പണംകൊണ്ടോ കേരള പുലയ മഹാസഭയെ വിലയ്‌ക്കെടുക്കാൻ ആർക്കും കഴിയില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണനകളെ വകവയ്ക്കാതെ വെല്ലുവിളികൾ ഏറ്റെടുത്ത് ദളിതർക്കായി പ്രവർത്തിക്കുന്ന കെ.പി.എം.എസിന്റെ നിലപാടുകൾക്ക് ഇന്ന് പ്രസക്തി വർദ്ധിക്കുന്നു.
ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പുരോഗമനവാദികൾ കേരളത്തിലുണ്ട്. ദൈവവിഗ്രഹത്തെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ആളുകളാണ് ദേവസന്നിധിയിൽ മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കെ.പി.എം.എസ് മുന്നിലുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പ്രസിഡന്റ് വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത പി.ആർ.ഒ ഫാ. യൂജിൻ പെരേര, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്‌ക്കൽ അബ്ദുൾ അസീസ് മൗലവി, സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ. സുരേഷ്, എെക്യ മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. രാജൻ നന്ദി പറഞ്ഞു.