തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമങ്ങളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ 'ഓപ്പറേഷൻ പി ഹണ്ട് ' എന്ന പേരിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ 21 പേർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ 12 ജില്ലകളിലെ 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 29 ഇടത്തു നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, യു.എസ്.ബി ഡ്രെെവ് മുതലായവ പിടിച്ചെടുത്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങൾ ഉൾപ്പെടെ കൃത്യമായി മനസിലാക്കാനുള്ള സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് വഴിയുമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബർഡോം നോഡൽ ഓഫീസറും ദക്ഷിണ മേഖലാ എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ ഏഴിടത്തും എറണാകുളം റൂറലിൽ അഞ്ചിടത്തും തൃശൂർ സിറ്റിയിലും മലപ്പുറത്തും നാലിടങ്ങളിൽ വീതവും റെയ്ഡ് നടത്തി. തൃശൂർ റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ രണ്ടിടങ്ങളിൽ വീതം റെയ്ഡ് നടത്തി.
''കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മനോജ് എബ്രഹാം
ദക്ഷിണമേഖലാ എ.ഡി.ജി.പി