rahul-gandhi
RAHUL GANDHI

തിരുവനന്തപുരം : രാഹുൽഗാന്ധി വരുന്നതോടെ 'വയനാട് ഫാക്ടർ' ഇന്ത്യൻ രാഷ്ട്രീയത്തിൽ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി രാഹുലിനെ അധിക്ഷേപിച്ചു. ഇടതുകക്ഷികൾ രോഷാകുലരായി പരിഹസിച്ചു.

ഹിന്ദുക്കളെ പേടിച്ചാണ് രാഹുൽ ഒളിച്ചോടിയതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ഉന്നത്തോടെയാണ്. ഉത്തരേന്ത്യയിൽ ഹിന്ദു ഏകീകരണം ബി.ജെ.പിക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം.

ഇടതിനെ ഉന്നം വച്ചാണ് കോൺഗ്രസ് വയനാട്ടിൽ രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രകാശ് കാരാട്ട് പ്രസ്താവിച്ചതിലൂടെ അവരുടെ അടിത്തറയിൽ വിള്ളലുകൾ വീഴുമോ എന്ന ഭയം വ്യക്തമാണ്. ബി.ജെ.പിയെ ശക്തിയുക്തം എതിർക്കുന്ന ഇടതുകക്ഷികളെ അനുകൂലിക്കുന്ന ഒരു ചെറിയ ശതമാനം ന്യൂനപക്ഷങ്ങളുടെ വോട്ടിൽ ചാഞ്ചാട്ടം ഉണ്ടാക്കുമോ അത് കേരളം മുഴുവൻ പ്രതിഫലിക്കുമോ എന്നതാണ് ഇടതുപക്ഷത്തിന്റെ ഭയം. അങ്ങനെ വന്നാൽ അത് അവരുടെ പ്രതീക്ഷകൾക്കും സാദ്ധ്യതകൾക്കും മങ്ങലേല്പിക്കും.

നേരത്തേ തന്നെ അമിത പ്രതീക്ഷ വച്ചുപുലർത്തിയ യു.ഡി.എഫ് ആകട്ടെ രാഹുലിന്റെ വരവോടെ എല്ലാം നേടി എന്ന ഒരു പരിധിവരെ അമിതമായ ആത്മവിശ്വാസത്തിലാണ്. ബി.ജെ.പിയും ഇടതുകക്ഷികളും ഒരേപോലെ രാഹുലിനെ വിമർശിക്കുമ്പോൾ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം അവർക്ക് അനുകൂലമാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

ബി.ജെ.പി കേരളത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാറിനെയാണ് രാഹുൽഗാന്ധിയെ എതിർക്കാൻ രംഗത്തിറക്കിയത്. മണ്ഡലത്തിലെ 58 ശതമാനം ഹിന്ദുക്കളിൽ 25 ശതമാനവും ഈഴവരാണ് എന്നത് മുന്നിൽ കണ്ടാണ് ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിയെ ഇറക്കാതിരുന്നത്. മാത്രമല്ല, 2009നെ അപേക്ഷിച്ച് 2014ൽ യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് ശതമാനം കുറഞ്ഞപ്പോൾ ബി.ജെ.പിയുടെ വോട്ട് ഷെയർ 3.85ൽ നിന്ന് 6.46 ശതമാനമായി കൂടുകയാണ് ചെയ്തത്. രാഹുലാണ് എതിരാളിയെങ്കിലും ഇത്തവണ വോട്ട് ശതമാനം വീണ്ടും കൂടുമെന്നാണ് അവരുടെ പ്രതീക്ഷ. മാത്രമല്ല, രാഹുൽഗാന്ധിയെ അമേതിയിൽ മാത്രം ബി.ജെ.പി എതിർത്താൽ മതി എന്ന തീരുമാനവും ഇതിന്റെ പിന്നിലുണ്ട്.

വയനാട് മണ്ഡലത്തിൽ 52 ശതമാനം ഹിന്ദുക്കളാണെന്ന വാദമാണ് ഇന്നലെ കേരളത്തിൽ ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുയർത്തിയത്. ദക്ഷിണേന്ത്യയിൽ വിഭജനരാഷ്ട്രീയത്തിന് ശ്രമിച്ച ബി.ജെ.പിയെ ചെറുക്കാനാണ് ഈ ട്രൈ ജംഗ്ഷനിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വമെന്നാണ് കോൺഗ്രസ് വാദം.

ഹിന്ദു ധ്രുവീകരണം ലാക്കാക്കിയുള്ള ആക്രമണത്തിലൂടെ ശബരിമല വിഷയത്തിലടക്കം ഇളകി നിൽക്കുന്ന കേരളത്തിലെ ഹിന്ദുവോട്ടുകളെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. ഇടതുപക്ഷത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യമുള്ള കോർപ്പറേറ്റ്, മൂലധന ശക്തികൾക്ക് വേണ്ടിയാണ് അവരുടെ വക്താക്കളായ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ ശ്രമിക്കുന്നതെന്ന ആക്ഷേപമുയർത്തുകയാണ് ഇടതുപക്ഷം.

പഴശ്ശിരാജയിൽ ഒ.എൻ.വി എഴുതിയ ഗാനത്തിലെ വരികൾ പോലെ 'ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു' എന്നത് അറിയാൻ വലിയ സസ്പെൻസൊന്നുമില്ലെങ്കിലും ഇലക്‌ഷൻ തീരുംവരെ വയനാട്ടിലെ രാഷ്ട്രീയ ചൂളമടി നീണ്ടുനിൽക്കുമെന്നുറപ്പാണ്.

.

എന്തുകൊണ്ട് വയനാട്‌?

വിജയവും പരാജയവും ഇലക്‌ഷനിൽ സാധാരണമാണ്. പക്ഷേ, കോൺഗ്രസ് അദ്ധ്യക്ഷൻ അമേതിയിൽ പരാജയപ്പെടുന്ന സാഹചര്യം ഒരിക്കലും കോൺഗ്രസിന് ഉൾക്കൊള്ളാനാവില്ല. അമേതിയിൽ രണ്ടുതവണ സ്മൃതി ഇറാനി തോറ്റു. പക്ഷേ, രണ്ടുതവണയും രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ 5 വർഷമായി മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന സ്മൃതി ഇറാനി ഇത്തവണ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അതിനാൽ ഒരു രണ്ടാം സീറ്റ് രാഹുലിന് അനിവാര്യമായി. വയനാട് സുരക്ഷിതമാണ്. ബി.ജെ.പിക്ക് താരതമ്യേന ശക്തി കുറവായ തെക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വിജയത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിനൊപ്പം ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യവും 'വയനാട് ഫാക്ടറി'നുണ്ട്.

വയനാട്

സാമുദായിക ഘടന

ഹിന്ദുക്കൾ : 58%

മുസ്ളിങ്ങളും ക്രിസ്ത്യാനികളും : 42%

ഈഴവർ : 25%

നായർ : 16%

എസ്.സി, ആദിവാസി വിഭാഗങ്ങൾ : 17%