തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കിയ സർക്കാർ ഉത്തരവ് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ചില സ്‌കൂളുകളിൽ ആരംഭിച്ചതായി വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ ബോർഡുകളുടെ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ലോവർപ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും മദ്ധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് നിർദേശിച്ച് വകുപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും മാനേജർമാർക്കും ഉത്തരവായിരുന്നു. ഒരു സ്‌കൂളിലും ക്ലാസ് നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി. ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിഷൻ നിലപാടെടുത്തതെന്ന് ചെയർമാൻ വ്യക്തമാക്കി.