തിരുവനന്തപുരം : വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ താൻ മുമ്പ് അമുൽ പുത്രനെന്ന് വിളിച്ചത് ഇന്നും പ്രസക്തമാണെന്ന് വി.എസ്. അച്യുതാനന്ദൻ. 'ഇരിക്കുന്ന കൊമ്പിൽ കോടാലി വയ്‌ക്കുന്ന ബുദ്ധിയെയാണ് അന്ന് ഞാൻ അമുൽ ബേബിയെന്ന് വിളിച്ചത്. ആ വിളി തന്നെ ഇന്നും പ്രസക്തമാണ്'- വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
മദ്ധ്യവയസിനോടടുക്കുന്ന രാഹുലിന്റെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബി.ജെ.പിയാണ്. ആ വിപത്തിനെ നേരിടാൻ ഇന്ത്യയിലെമ്പാടും ജനങ്ങൾ തയ്യാറുമാണ്. പക്ഷേ കോൺഗ്രസ് ഒരു അരാജകപാർട്ടിയാണ്. ആർക്കും എന്ത് നിലപാടും സ്വതന്ത്രമായി എടുക്കാനും അതിനനുസരിച്ച് മുന്നോട്ട് പോവാനുമുള്ള സ്വാതന്ത്ര്യമുള്ള വിചിത്രമായ ജനാധിപത്യമാണ് കോൺഗ്രസിന്റേത്. എല്ലാ ജനാധിപത്യവും അവസാനിക്കുന്നത് നെഹ്‌റു കുടുംബത്തിലെ ഇളമുറ കാരണവന്മാരിലാണ്. ഇടതുപക്ഷം വർദ്ധിതവീര്യത്തോടെ രാഹുലിനെയും ബി.ജെ.പിയെയും നേരിടുമെന്നും വി.എസ് പറഞ്ഞു.