തിരുവനന്തപുരം: എയർപോർട്ടിലേക്ക് വന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുവയസുകാരി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ കവടിയാറിലായിരുന്നു സംഭവം. തെങ്കാശി സ്വദേശികളായ പളനിവേൽ (50), മാരിയപ്പൻ (62), കാർത്തിവേൽരാജ(30), മുത്തുകുമാർ (52), മാണിക്യം (62) കാർത്തിക (27), ഇവരുടെ മകൾ റിധന്യ (2) എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ പുലർച്ചെ 3.15ഓടെ കവടിയാറിൽ രാജ്ഭവന് സമീപം ഡിവൈഡറിൽ ഇടിച്ച് ഇവർ സഞ്ചരിച്ച കാർ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മറ്റ് യാത്രക്കാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകാനെത്തിയ കാർത്തികയെയും മകളെയും യാത്രയാക്കാൻ എത്തിയതായിരുന്നു ഇവർ. അപകടത്തിൽ ചെവിയിൽ നിന്ന് രക്തം വാർന്ന റിധന്യയെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.