തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ സി.പി.എമ്മിനും, ബി.ജെ.പിക്കും ഒരേ സ്വരമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റിന്റെ വയനാട്ടിലേക്കുള്ള വരവ് സി.പി.എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും ഒരേ സ്വരത്തിലാണ് രാഹുൽഗാന്ധിയെ വിമർശിക്കുന്നത്. സി.പി.എം മുഖപത്രം, ബി.ജെ.പി മുഖപത്രത്തേക്കാൾ കടുത്ത ഭാഷയിലാണ് രാഹുൽഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്ന സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം വിചിത്രമാണ്. സി.പി.എമ്മും ഇടതുപക്ഷവും തമ്മിൽ കേരളത്തിൽ ഒരു സഖ്യവുമില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും, സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫും രണ്ട് മുന്നണികളിലായാണ് മത്സരിക്കുന്നത്. അതുകൊണ്ട് ഇടതു മുന്നണി മത്സരിക്കുന്ന സീറ്റിൽ രാഹുൽ മത്സരിക്കരുത് എന്ന് പറയുന്ന വാദത്തിൽ അർത്ഥമില്ല. യെച്ചൂരി ചെയ്യേണ്ടത് വയനാട്ടിൽ നിന്ന് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ്.
ഇടതുപക്ഷത്തിനോ സി.പി.എമ്മിനോ ഈ തിരഞ്ഞെടുപ്പിൽ ഒരു റോളുമില്ല. 573 ലോക്‌സഭാ സീറ്റുകളുള്ളതിൽ 50ൽ താഴെ സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. അതിൽ ഒന്നോ രണ്ടോ സീറ്റിലെങ്കിലും വിജയിക്കുമെന്ന് ഉറപ്പുമില്ല. വരുന്ന തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയെന്ന അംഗീകാരം സി പി എമ്മിന് നഷ്ടപ്പെടും. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ആർ.എസ്.എസ് സംഘപരിവാറിന്റെ വർഗ്ഗീയഫാസിസത്തിനെതിരായും കേരളത്തിലെ ജനങ്ങൾ വിധിയെഴുതും. അതുകൊണ്ടുതന്നെ അവർ യു.ഡി.എഫിനെയായിരിക്കും പിന്തുണയ്ക്കുക.
ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ വരുമ്പോഴൊക്കെ അത് മാറ്റി വയ്പിക്കപ്പെടുന്നതിൽ ദുരൂഹതയുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബാന്ധവം മൂലമാണ് അന്വേഷണ ഏജൻസിയായ സി.ബി.ഐ തന്നെ ഇടപെട്ട് കേസ് മാറ്റി വയ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.