തിരുവനന്തപുരം: ആറുമാസം ദൈർഘ്യമുള്ള സെമസ്റ്റർ രണ്ടരമാസം കൊണ്ട് തീർത്ത് പരീക്ഷ നടത്താനുള്ള കേരള സർവകലാശാലയുടെ ശ്രമത്തിനെതിരെ വിദ്യാർത്ഥികൾ സർവകലാശാലാ ആസ്ഥാനത്ത് സമരം നടത്തി. ഇതേത്തുടർന്ന് 4, 6 തീയതികളിൽ നടത്താനിരുന്ന ബി.കോം പരീക്ഷ മാറ്റിവയ്ക്കാൻ ധാരണയായിട്ടുണ്ട്. അന്തിമ ഉത്തരവ് ഇന്നിറങ്ങും.

സെമസ്‌റ്റർ പൂർത്തായാക്കാതെയും തയ്യാറെടുപ്പിന് സൗകര്യമില്ലാതെയും പരീക്ഷ നടത്തുന്നതിനെതിരെ എസ്.എഫ്.ഐയാണ് രംഗത്തെത്തിയത്. ഇന്നലെ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷ സാദ്ധ്യത മുന്നിൽകണ്ട് വൻ പൊലീസ് സന്നാഹവും ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളും സർവകലാശാലയ്ക്ക് മുന്നിൽ വിന്യസിച്ചിരുന്നു. സർവകലാശാലാ കലോത്സവം പൂർത്തിയായതിന് പിന്നാലെ നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് സമയം കിട്ടില്ലെന്നതിനാൽ ആറാം സെമസ്റ്റർ എല്ലാ പരീക്ഷകളും മാറ്റണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സമരക്കാരുമായി സർവകലാശാലാ അധികൃതർ ചർച്ച നടത്തിയതിനെത്തുടർന്ന് പരീക്ഷ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

അഞ്ചാം സെമസ്റ്റർ കുട്ടികളുടെ പരീക്ഷ അവസാനിച്ചത് ജനുവരി 17നാണ്. ജനുവരി 18ന് തുടങ്ങിയ ആറാം സെമസ്റ്ററിന്റെ പരീക്ഷ ഏപ്രിൽ നാലിനാണ് നിശ്ചയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ്, പരീക്ഷാകലണ്ടർ ഏകീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് സെമസ്റ്റർ വെട്ടിച്ചുരുക്കുന്നത്. ആറുമാസത്തെ സിലബസ് രണ്ടരമാസം കൊണ്ട് പഠിച്ചുതീർക്കാനാവില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സയൻസ് വിദ്യാർത്ഥികൾക്ക് 250 പേജുകളുള്ള മൂന്ന് റെക്കാഡുകൾ സമർപ്പിക്കാനുണ്ട്. കൂടാതെ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കണം. ഓരോ വിഷയത്തിനും മൂന്ന് അസൈൻമെന്റുകളുമുണ്ട്. ഇതെല്ലാം രണ്ടരമാസത്തിനിടെ ചെയ്തുതീർക്കുക അസാദ്ധ്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആറാം സെമസ്റ്ററിൽ പരാജയപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് ഒരുവർഷം നഷ്ടമാവും. ഓരോ വിഷയത്തിനും 72മണിക്കൂർ പഠിക്കാനുള്ള സിലബസാണ് സർവകലാശാല അനുവദിച്ചിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുത്തിട്ടും 30മണിക്കൂർ പോലും മിക്ക വിഷയങ്ങളും പഠിപ്പിക്കാനായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

സർവകലാശാലയെ ഏപ്രിൽ ഫൂളാക്കി

വ്യാജ ഉത്തരവ്

കേരളസർവകലാശാല നാലിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളറുടെ പേരിലുള്ള വ്യാജ ഉത്തരവ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. മാർച്ച് 31 തീയതി വച്ച ഉത്തരവ് സർവകലാശാലയുടെ യഥാർത്ഥ ഉത്തരവ് പോലെ തോന്നിപ്പിക്കുന്നതാണ്. പരീക്ഷാ കൺട്രോളറുടെ ഒപ്പിട്ടിട്ടില്ല. പ്രസിദ്ധീകരണത്തിനായി പി.ആർ.ഒയ്ക്കും വി.സി, പി.വി.സി അടക്കമുള്ളവർക്കും പകർപ്പ് അയയ്ക്കുന്നതായി സൂചനയുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നാണ് വ്യാജ ഉത്തരവിൽ. ഉത്തരവ് വ്യാജമാണെന്നും ഏപ്രിൽ ഫൂൾ ആകാൻ സാദ്ധ്യതയുണ്ടെന്നും സർവകലാശാല അറിയിച്ചു.