കടയ്ക്കാവൂർ : തിരഞ്ഞെടുപ്പടുത്തപ്പോൾ രാഹുൽ ഗാന്ധിയുടെ കാൽമുട്ടിനും നട്ടെല്ലിനും ബലം പോരെന്ന് വി.എസ്. അച്യുതാനന്ദന്റെ പരിഹാസം. ബി.ജെ.പിയുമായി ഏറ്റുമുട്ടി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്റിയാവുമെന്നാണ് രാഹുൽമോൻ പറയുന്നത്. ഉടൻ ഓടി വയനാടൻ മല കയറിയിരിക്കുകയാണ്. ഇവിടെ വന്ന് ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ട് ഒളിപ്പോര് നടത്താനാണത്രേ പദ്ധതി. രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെന്ത് പറയാൻ"- ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം കടയ്‌ക്കാവൂരിൽ ഉദ്ഘാടനം ചെയ്‌ത് വി.എസ് പറഞ്ഞു.
മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിലെ അഴിമതി ഭരണമാണ് സംഘപരിവാറിന് അധികാരത്തിലേറുവാൻ വഴിയൊരുക്കിയത്. ഇതിന്റെ പിൻബലത്തിൽ അധികാരത്തിലെത്തിയ മോദി ഗീബൽസിനെ വെല്ലുന്ന നുണകളുടെ അടിത്തറയിലാണ് ഭരണം തുടരുന്നത്. ഇന്ത്യയ്ക്ക് ഇന്നൊരു പ്രധാനമന്ത്റിയുണ്ടോയെന്ന് അറിയില്ല. കോർപറേറ്റ് മാഫിയയുടെയും വർഗീയ ഫാസിസ്റ്റുകളുടെയും കാവൽക്കാരനായി ഇന്ത്യയെ കുട്ടിച്ചോറാക്കാൻ സംഘപരിവാർ നിയോഗിച്ച ചൗക്കിദാർ നമുക്കുണ്ടെന്ന് കേൾക്കുന്നു. സാമ്പത്തികതട്ടിപ്പുകൾ നടത്തിയ വിജയ് മല്യ, നീരവ് മോദി എന്ന് തുടങ്ങി 27 കുറ്റവാളികൾക്ക് സുരക്ഷിതമായി ഇന്ത്യ വിടാൻ ആ മഹാൻ കാവൽ നിന്നിട്ടുണ്ട്. റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണകുത്തക അംബാനിക്ക് തട്ടുകേടില്ലാതെ ഏല്പിച്ചുകൊടുക്കാനും അയാൾ കാവൽ നിന്നിട്ടുണ്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ കണ്ണിൽ എണ്ണയൊഴിച്ച് അദ്ദേഹം കാവൽ നിന്നിട്ടുണ്ട്. ഉലകം ചുറ്റും ആ വാലിബന് ഇന്ത്യയിലെ കർഷക ആത്മഹത്യകൾ കാണാൻ കഴിയുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. നീലലോഹിതദാസൻ നാടാർ, ആനത്തലവട്ടം ആനന്ദൻ, വി. ശിവൻകുട്ടി, അഡ്വ. എസ്. ലെനിൻ, ആർ. സുഭാഷ്, എ.എ. റഹീം, അഡ്വ. എസ്. ഫിറോസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.