നെയ്യാറ്റിൻകര: കാളിപ്പാറ ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ആശുപത്രി ജംഗ്ഷന് സമീപമുള്ള റോഡിലൂടെ ശുദ്ധജലം കുത്തനെ ഒഴുകി. തൊഴുക്കൽ ഭാഗത്തുകൂടെ കടന്നു പോകുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ജലം ഇരച്ചു കയറി. ഇന്നലെ വൈകിട്ട് നാലര മണിയോടെയായിരുന്നു സംഭവം. ജലത്തിന്റെ അമിത മർദ്ദം കാരണമാണ് പൈപ്പ്ലൈനിന്റെ ബോക്സ് ജംഗ്ഷനിൽ പൊട്ടലുണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനിടെ 12 തവണയാണ് ഈ ഭാഗത്തെ ജലവിതരണ പൈപ്പുകളിൽ പൊട്ടലുണ്ടാകുന്നത്. ആറ് മാസം മുൻപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുൻവശത്തെ പൈപ്പ്‌ലൈൻ പൊട്ടിയത് റോഡിലൂടെ വൻ ജലപ്രവാഹത്തിന് കാരണമായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ ആശുപത്രി ജംഗ്ഷൻ തൊഴുക്കൽ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. റോഡിന്റെ ഒരു വശം ജലത്തിന്റെ കുത്തൊഴുക്ക് കാരണം ടാറിളകി ഭാഗികമായി തകർന്നു. രാത്രി വൈകിയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെത്തി ചോർച്ച അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. എന്നാൽ പൈപ്പിലൂടെയുള്ള ജലചോർച്ച നിയന്ത്രിക്കാനായതായി ഉദ്യോഗസ്ഥർ പറയുന്നു.