പാറശാല: വനിതാ വിദ്യാർത്ഥിക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാർ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാർത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഴയ അംബാസഡർ കാറിൽ ചെങ്കവിള - അയിര റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ട് 4ന് ആണ് അപകടം. പരിശീലനത്തിന് ശേഷം അയിര കുളത്തിന് സമീപത്തെത്തി തിരികെ പോകുന്നതിനായി ആലന്തറ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിലെത്തി കാർ പിറകോട്ട് തിരിക്കവെ ബ്രേക്കിലെ പിടിവിട്ടതാണ് അപകട കാരണം. വ്ലാത്താങ്കരയിലെ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വനിതകളും സമീപവാസികൾ തന്നെയാണ്. അപകടത്തിൽ കാറിന് സാരമായ കേടുപാടുണ്ട്. വെള്ളത്തിൽ വീണവരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ പാറശാല താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. ചെങ്കവിള വാർഡ് മെമ്പർ ചന്ദ്രിക സ്ഥലത്തെത്തി. പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.