മയാമി : പ്രൊഫഷണൽ ടെന്നിസ് കരിയറിലെ 101-ാം കിരീടത്തിന്റെ മധുരവുമായി മയാമിയിൽ റോജർ ഫെഡറർ. ഇന്നലെ അമേരിക്കൻ താരം ജോൺ ഇസ്നറെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഫെഡറർ മയാമി ഓപ്പൺ സ്വന്തമാക്കിയത്. വെറും 63 മിനിട്ടുകൊണ്ടായിരുന്നു ഫെഡററുടെ കിരീട ധാരണം. 6-1, 6-4 എന്ന സ്കോറിനാണ് ഇസ്നറുടെ വെല്ലുവിളി. സ്വിസ് മാസ്റ്റർ അവസാനിപ്പിച്ചത്.
കഴിഞ്ഞമാസം ഇന്ത്യൻ വെൽസ് ഓപ്പണിന്റെ ഫൈനലിൽ തോറ്റുപോയ ഫെഡറർ ഇന്നലെ പിഴവുകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. 37-ാം വയസിലും കരുത്ത് ചോരാത്ത സർവുകളും ബാക്ഹാൻഡ് റിട്ടേണുകളുമായി ഫെഡറർ കളം നിറഞ്ഞപ്പോൾ 23 മിനിട്ടുകൊണ്ട് ഇസ്നർക്ക് ആദ്യ സെറ്റ് നഷ്ടമായി. രണ്ടാം സെറ്റിൽ അമേരിക്കൻ താരം തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ഇടയ്ക്ക് കാലിന് പരിക്കേറ്റതോടെ തോൽവി ഉറപ്പാവുകയായിരുന്നു.
കിരീട നേട്ടത്തോടെ റോജർ ഫെഡറർ എ.ടി.പി റാങ്കിംഗിൽ ഒരു പടവ് ഉയർന്ന് നാലാമതെത്തി.
4
ഇത് നാലാം തവണയാണ് ഫെഡറർ മയാമി ഓപ്പൺ ജേതാവാകുന്നത്.
154
ഫെഡററുടെ 154-ാമത്തെ ടൂർ ഫൈനലായിരുന്നു ഇത്.
500
-ാമത്തെ എ.ടി.പി മാസ്റ്റേഴ്സ് ഫൈനലും.
28
ഫെഡററുടെ മാസ്റ്റേഴ്സ് കിരീടങ്ങളുടെ എണ്ണം.
.
ഇനി ഫ്രഞ്ച് ഓപ്പൺ
രണ്ട് വർഷമായി വിട്ടുനിൽക്കുന്ന കളിമൺ കോർട്ടിലെ ഗ്രാൻസ്ളാമായ ഫ്രഞ്ച് ഓപ്പണിൽ ഇക്കുറി ഫെഡറർ കളിക്കുന്നുണ്ട്. അതിനായി ക്ളേ കോർട്ട് ടൂർണമെന്റുകളിൽ ശ്രദ്ധിക്കാനൊരുങ്ങുകയാണ് സ്വിസ് താരം. അടുത്തയാഴ്ച തുടങ്ങുന്ന മോണ്ടികാർലോ മാസ്റ്റേഴ്സിൽ നിന്ന് വിട്ടുനിൽക്കുന്ന ഫെഡറർ തുടർന്നുള്ള മാഡ്രിഡ് ഓപ്പണിൽ കളിക്കാനിറങ്ങും. മേയ് 26നാണ് ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്നത്.
''പരമാവധി കിരീടങ്ങൾ നേടുകയും പരിക്കുകളില്ലാതെ മുന്നോട്ടുപോവുകയുമാണ് എന്റെ ലക്ഷ്യം. ഇപ്പോൾ വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതേയില്ല. നല്ല ആരോഗ്യവാനാണിപ്പോൾ. കഴിഞ്ഞ നാലാഴ്ചയായി തുടർച്ചയായി കളിക്കുകയായിരുന്നു.
- റോജർ ഫെഡറർ.