തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയായ അക്സിയ ടെക്നോളജീസും യുവ സംരംഭ കൂട്ടായ്മയായ യംഗ് ഇന്ത്യൻസും സംയുക്തമായി തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി 'ദ കാർ സ്റ്റോറി' എന്ന പേരിൽ ശാസ്ത്രീയ ശില്പശാല സംഘടിപ്പിച്ചു. പുത്തൻ തലമുറ കാറുകളിലെ അത്യാധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യകളുടെ പ്രവർത്തന രീതിയും വിശദീകരിച്ചത് വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി ഉണർത്തി. പ്രമുഖ കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ളിയു, ഫോർഡ്, വോൾവോ തുടങ്ങിയവയ്ക്കായി സോഫ്റ്റ് വെയറുകൾ തയ്യാറാക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയായ അക്സിയയുടെ സി.ഇ.ഒ ജിജിമോൻ ചന്ദ്രൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി അവധിക്കാലത്ത് ഇത്തരം ശാസ്ത്ര അഭിരുചി വളർത്തുന്ന പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ യംങ്ങ് ഇന്ത്യൻസിന്റെ ചെയർമാൻ ജിതിൻ പണിക്കർ സന്തോഷം രേഖപ്പെടുത്തി. സ്വയം സംരംഭകം എന്ന വിഷയത്തിൽ ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ ക്ലാസെടുത്തു. വിദ്യാർത്ഥികൾക്കായി തുടർന്നും പരിശീലന പദ്ധതികൾ നടത്തുമെന്ന് അക്സിയ ടെക്നോളജീസ് അധികൃതർ അറിയിച്ചു.
അക്സിയ ടെക്നോളജീസിന്റെ ഉമ മഹേശ്വരി, ദീപ്തി രാജ്, വിഷ്ണു .ആർ, അഭിഷേക്, അദ്ധ്യാപകരായ സിന്ധു, അമ്പിളി, പ്രദീപ്, സംഗീത എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി. അഭിരുചി പരീക്ഷയിൽ വിജയികളായ ആറ് വിദ്യാർത്ഥികളെ ഇന്റേൺഷിപ്പ് പരിപാടിക്കായി തിരഞ്ഞെടുത്തു. വിജയികൾക്ക് പുസ്തകങ്ങളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.