epl-liverpool
epl liverpool

ലണ്ടൻ : കളിയത്ര മെച്ചമൊന്നുമായിരുന്നില്ലെങ്കിലും ടോട്ടൻഹാമിനെ മറികടന്ന ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം സ്വന്തമാക്കിയ ഇംഗ്ളീഷ് പ്രിമിയർലീഗിലെ ഒന്നാം സ്ഥാനം ഇന്നലെ ലിവർപൂൾ തിരിച്ചുപിടിച്ചു.

ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ടോട്ടൻ ഹാമിനെ തട്ടിവീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്യുകയും രണ്ടാം പകുതിയിൽ സമനിലയിലാവുകയും ചെയ്ത ആതിഥേയർക്ക് അവസാന സമയത്ത് ടോട്ടൻ ഹാമിന്റെ ആൻഡർ വെയ്റാൾഡ് സെൽഫ് ഗോൾ സമ്മാനിച്ചതാണ് രക്ഷയായത്.

16-ാം മിനിട്ടിൽ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്. ഇതിനുശേഷം നിരവധി അവസരങ്ങൾ തിരിച്ചടിക്കാൻ ലഭിച്ചെങ്കിലും ടോട്ടൻഹാമിന് എതിരാളികളുടെ വലകുലുക്കാൻ കഴിഞ്ഞത് 70-ാം മിനിട്ടിൽ മാത്രമാണ്. ലൂക്കാസ് മൗറയാണ് കളി സമനിലയിലാക്കിയത്. സമനിലയിലേക്കെന്നുറച്ച കളിയിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത് ടോട്ടൻ ഹാമിന്റെ ഡിഫൻഡർ ആൻഡർ വെയ്റാൾിന്റെയും ഗോളി ഹ്യൂഗോ ലോറിസിന്റെയും മണ്ടത്തരങ്ങളാണ്. മുഹമ്മദ് സലായുടെ ഒരുഹെഡർ കൈയിലൊതുക്കുന്നതിൽ ലോറിസിന് പിഴച്ചപ്പോൾ റെയ്റാൾഡിന്റെ കാലിൽത്തട്ടി പന്ത് വലയിൽ കയറുകയായിരുന്നു.

79

32 മത്സരങ്ങളിൽ നിന്ന് 79 പോയിന്റ് നേടിയാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടാം സ്ഥാനത്തേക്ക് മാറിയ സിറ്റിക്ക് പക്ഷേ, ഒരു മത്സരം കുറവാണെന്ന ആനുകൂല്യമുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണ് സിറ്റിക്കുള്ളത്. പ്രിമിയർലീഗ് ചാമ്പ്യനാകാൻ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും കട്ടയ്ക്ക് പോരാടേണ്ടിവരുമെന്ന് സാരം.

31

മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള ടോട്ടൻഹാം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 31 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ ശരാശരിയിൽ നാലാമതുണ്ട്. എന്നാൽ, അഞ്ചാമതുള്ള ആഴ്സനലിന് 30 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രിമിയർലീഗ് മത്സരത്തിൽ ചെൽസി 2-1ന് കാർഡിഫ് സിറ്റിയെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ചെൽസിക്ക് അത് വെല്ലുക്ക്യുവേറ്റയും ലോഫ്ടസ് ചീക്കുമാണ് വിജയം നൽകിയത്.