fireforce

തിരുവനന്തപുരം: ഇലക്ട്രിക് ലൈൻ വീടിനു മുകളിലേക്ക് പൊട്ടിവീണ് തീപിടിച്ച് വീട് കത്തിനശിച്ചു. ആറ്റുകാൽ ചിറമുക്കിൽ ഇന്ദിര, രുക്മിണി, വിജയകുമാരി എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്ന മൂന്നു ഭാഗങ്ങളുള്ള ഒറ്റവീടാണ് പൂർണമായി കത്തിനശിച്ചത്. ആളപായമില്ല. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വീടിനോട് ചേർന്ന് പോകുന്ന ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഒരു ലൈൻ വീടിന് മുകളിലേക്ക് പൊട്ടി വീഴുകയായിരുന്നു. ലൈനിലുണ്ടായ തീയും കനത്ത വെയിലും കാരണം ഓല മേഞ്ഞ വീടിൽ പെട്ടെന്ന് തീപടർന്നു. മേൽക്കൂര പൂർണമായി കത്തി വീടിനകത്തേക്കും തീ പടർന്നു. അകത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വീട്ടു വളപ്പിലുണ്ടായിരുന്ന തെങ്ങിനും തീ പിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. പരിസരവാസികൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഭയന്ന് പിന്മാറി. ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്കൽചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് എൻജിനുകൾ എത്തി. രണ്ടു മണിക്കൂറോളമെടുത്താണ് തീ പൂർണമായും അണയ്ക്കാനായത്. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകം ഇല്ലെന്ന് ഉറപ്പുവരുത്തി നിർവീര്യമാക്കി. തീ കെടുത്തുന്നതിനിടെ ഫയർമാൻ കൃഷ്ണകുമാറിന് പരിക്കേറ്റു. ചെങ്കൽചൂള സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. മൂന്നു വീട്ടിലെയും സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഫോർട്ട് പൊലീസ് കേസെടുത്തു.