ipl-rcb-vs-rr
ipl rcb vs rr

ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണ് ചൊല്ല്. എന്നാൽ, ഈ സീസൺ ഐ.പി.എല്ലിൽ രണ്ട് ടീമുകൾക്ക് ഒന്നിൽ മാത്രമല്ല, മൂന്നിലും പിഴച്ചിരിക്കുകയാണ്. രാജസ്ഥാൻ റോയൽസും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സുമാണ് ഈ ടീമുകൾ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത രാജസ്ഥാൻ റോയൽസും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന്. ആദ്യ ജയം നേടാൻ ആർക്കാണ് അവസരം ?

രാജസ്ഥാന്റെ വീഴ്ചകൾ

ഈ സീസണിൽ കിരീടം നേടുമെന്ന മെന്റർഷേൻവാണിന്റെ വീരവാദവുമായാണ് രാജസ്ഥാൻ തുടങ്ങിയത്. ആദ്യ സീസണിൽ നായകനും കോച്ചുമായി അപ്രതീക്ഷിത ചാമ്പ്യൻമാരാക്കി യുവേണിന് ഇക്കുറി പക്ഷേ, ഒരുപാട് വിയർപ്പൊഴുക്കിയാലേ രക്ഷയുള്ളൂ.

തോൽവികൾ ഇങ്ങനെ

1. ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 14 റൺസിനാണ് തോറ്റത്. പഞ്ചാബ് ഉയർത്തിയ 189/4 സ്കോർ ചേസ് ചെയ്യാനിറങ്ങി 170/9ൽ ഒതുങ്ങുകയായിരുന്നു രാജസ്ഥാൻ.

2. രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിന് സൺറൈസേഴ്സിനോട് കീഴടങ്ങി. സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയും (102 നോട്ടൗട്ട്), രഹാനെയുടെ (70) അർദ്ധ സെഞ്ച്വറിയും 198/2 എന്ന സ്കോറിലെത്തിച്ച് വിജയ പ്രതീക്ഷ നൽകിയതായിരുന്നു. പക്ഷേ, ഡേവിഡ് വാർണറുടെ (69) വെടിക്കെട്ടിന് മുന്നിൽ രാജസ്ഥാൻ മുട്ടിടിച്ചു വീണു.

3. അവസാന തോൽവി ചെന്നൈ സൂപ്പർകിംഗ്സിനെതിരെ. കളിയിലും രാജസ്ഥാന് വേണമെങ്കിൽ ജയിക്കാമായിരുന്നു. ചെന്നൈയിലെ പിച്ചിൽ ഒരു ഘട്ടത്തിൽ ആതിഥേയർ 27/3 എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് ധോണിക്കും (75), റെയ്നയ്ക്കും (36) മത്സരം വിട്ടുകൊടുത്ത രഹാനെയുടെ ടീം 167/8 എന്ന സ്കോറിൽ ഒതുങ്ങുകയും ചെയ്തു.

പരാജയ കാരണം

ബൗളർമാരുടെ പിടിപ്പുകേട്. ജൊഫ്രേ ആർച്ചർ ഒഴികെയുള്ള ബൗളർമാർക്കൊന്നും ഇതേവരെ താളത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അവസാന ഓവറുകളിൽ ബെല്ലും ബ്രേക്കുമില്ലാതെ റൺസ് വഴങ്ങുന്നു.

"വളരെ നിരാശയുണ്ട്. നന്നായി തുടങ്ങിയിട്ടും തോൽക്കേണ്ടി വന്നു. അവസാന അഞ്ചോവറുകളാണ് കളിയുടെ ഗതി മാറ്റിയത്."

-അജിങ്ക്യ രഹാനെ

രാജസ്ഥാൻ ക്യാപ്ടൻ

ബാംഗ്ളൂരിന്റെ ബ്ളണ്ടറുകൾ

ഇതുവരെ ഐ.പി.എല്ലിൽ കിരീടം നേടിയില്ലെങ്കിലും വിരാട് കൊഹ്‌ലി എങ്ങനെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ നായകനായി തുടരുന്നുവെന്ന് ഐ.പി.എൽ തുടങ്ങുന്നതിന് മുമ്പ് ഗൗതം ഗംഭീർ കളിയാക്കിയിരുന്നു. അതിന് കൊഹ്‌ലി ശക്തമായി മറുപടി നൽകിയിരുന്നുവെങ്കിലും കളി തുടങ്ങിയപ്പോൾ സ്ഥിതി തഥൈവ.

താരങ്ങളുടെ വലിപ്പത്തിൽ ആരും പേടിക്കും ബാംഗ്ളൂരിനെ. കൊഹ്‌ലിയും ഡിവില്ലിയേഴ്സും ഹെട്മേയറുമൊക്കെയുണ്ട്. പണ്ട് ഗെയ്ലുമുണ്ടായിരുന്നു. പക്ഷേ, ആർക്കും തോൽപ്പിക്കാം, എങ്ങനെയും തോൽപ്പിക്കാം എന്നതാണ് അവസ്ഥ.

1. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 70 റൺസിന് ആൾ ഔട്ടായി നാണംകെട്ടു. 17.4 ഓവറിൽ ചെന്നൈ ലക്ഷ്യം കണ്ടു.

2. രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് പൊരുതിതോറ്റു. മുംബയ് 187/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ബാംഗ്ളൂർ 181/5 ലെ എത്തിയുള്ളൂ. ഡിവില്ലിയേഴ്സും (70), കൊഹ്ലിയും (46) തിളങ്ങി. പക്ഷേ, അവസാന ഓവറുകളിൽ രക്ഷിക്കാൻ ഡിവില്ലിയേഴ്സിനുമായില്ല.

3. സൺറൈസേഴ്സ് ഹൈദരാബാദിനോട കടുത്ത ദാരുണ പരാജയം. സൺറൈസേഴ്സ് ബെയർ സ്റ്റോ (1.3), വാർണർ (100) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ 231/2 എന്ന സ്കോർ ഉയർത്തി. ഒരു ഘട്ടത്തിൽ 35/6 എന്ന നിലയിൽ പതറിയശേഷം 113ൽ ആൾ ഔട്ടായി.

പരാജയ ഹേതു

ടീമെന്ന നിലയിലുള്ള ഒത്തൊരുമയില്ലായ്മ ബൗളിംഗിലും ബാറ്റിംഗിലും സ്ഥിരതയില്ല. കൊഹ്‌ലി മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയത് 55 റൺസ് മാത്രം.

" ഈ തോൽവികളെക്കുറിച്ച് വിശദീകരിക്കാൻ പ്രയാസമാണ്. ഇനിയും 11 മത്സരങ്ങളുണ്ട്. കാര്യങ്ങൾ ഞങ്ങളുടെ വഴിക്ക് വരുന്നില്ലെങ്കിൽ ഞങ്ങൾ വിജയത്തിന്റെ വഴിയിലേക്ക് പോകും. അടുത്ത മത്സരങ്ങൾ വിജയങ്ങളിലേക്കുള്ള തുടക്കമാകും.

-വിരാട് കൊഹ്‌ലി

ബാംഗ്ളൂർ ക്യാപ്ടൻ.