മൊഹാലി : 167 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങി 16.3 ഒാവറിൽ 144/4 എന്ന നിലയിലായിരുന്ന ഡൽഹി ക്യാപ്പിറ്റൽസിനെ 14 റൺസകലെ ആൾഒൗട്ടാക്കി പഞ്ചാബ് കിംഗ്സിന്റെ പടയോട്ടം. ഇന്നലെ 166/9 എന്ന സ്കോർ ഉയർത്തിയ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ ഡൽഹി 19.2 ഒാവറിൽ 152 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. എട്ടു റൺസെടുക്കുന്നതിനിടെയാണ് ഡൽഹിക്ക് ആറുവിക്കറ്റുകൾ നഷ്ടമായത്. ഹാട്രിക് അടക്കം നാലുവിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ളീഷ് പേസർ സാം കറാനും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ഷമിയും നായകൻ അശ്വിനും ചേർന്നാണ് പഞ്ചാബിന് വിജയമൊരുക്കിയത്.
ആദ്യ പന്തിൽ പൃഥ്വി ഷായെ നഷ്ടമായ ഡൽഹി ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കോളിൻ ഇൻഗ്രാം എന്നിവരിലൂടെ മുന്നോട്ടുകുതിച്ചെങ്കിലും അടിതെറ്റിവീണു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കഴിഞ്ഞ കളിയിലെ ഹീറോ കെ.എൽ രാഹുലിനെ (15)യും സാം കറാനെയും (20) മയാങ്ക് അഗർവാളിനെയും തുടക്കത്തിലേ നഷ്ടമായി. രാഹുലിനെ രണ്ടാം ഓവറിൽ മോറിസും കരാനെ നാലാം ഓവറിൽ ലാമിച്ചാനെയും റൺ ഔട്ടാക്കുകയായിരുന്നു. മായാങ്ക് എട്ടാം ഓവറിൽ റൺഔട്ടാക്കി. ഇതോടെ പഞ്ചാബ് 58/3 എന്ന നിലയിലായി. തുടർന്ന് സർഫ്രാസ്ഖാനും (29 പന്തുകളിുൽ 39 റൺസ്), ഡേവിഡ് മില്ലറും (30 പന്തുകളിൽ 43 റൺസ്) ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇവർ 14-ാം ഓവറിൽ ടീം സ്കോർ 120ൽ എത്തിച്ചശേഷം പിരിഞ്ഞു.