നെടുമ്പാശേരി: തൃപ്തി ദേശായിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 17 മണിക്കൂറോളം തടഞ്ഞ കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും ചാലക്കുടി ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എ.എൻ രാധാകൃഷ്ണന് സ്റ്റേഷൻ ജാമ്യം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രാദേശിക ബി.ജെ.പി നേതാക്കൾക്കൊപ്പം സ്ഥാനാർത്ഥി നെടുമ്പാശേരി സി.ഐ മുമ്പാകെ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. 143, 147, 283, 188, 506 1, ഐ.പി.സി 149 എന്നീ വകുപ്പുകൾ പ്രകാരം 161 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. പലപ്പോഴായി 70 ഓളം പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. നേരത്തെ അയ്യപ്പജ്യോതി തെളിയിച്ചതും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതും ഉൾപ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലും എ.എൻ രാധാകൃഷ്ണൻ ജാമ്യമെടുത്തു.
ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. രാജഗോപാൽ, ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് എന്നിവരും രാധാകൃഷ്ണനൊപ്പം ജാമ്യമെടുക്കാനെത്തിയിരുന്നു.