excise

ആലുവ: എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ആലുവ പുതിയിടത്ത് നടത്തിയ റെയ്ഡിൽ വൻതോതിൽ വ്യാജമദ്യം പിടികൂടി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യം ഉല്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞൂർ പുതിയേടം കാരിക്കാടം മല്ലൂരാൻ വീട്ടിൽ ഷാജൻ ദേവസിയെ (40) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതിയേടത്ത് ഷാജൻ നടത്തിയിരുന്ന സ്റ്റേഷനറി കടയിൽ നിന്നും 100 ലിറ്റർ നിറം ചേർത്ത ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. കടയുടെ മറവിലായിരുന്നു ഇയാൾ ലഹരിക്കച്ചവടം കൊഴുപ്പിച്ചിരുന്നത്. ഒന്നാം തീയതി മദ്യവില്പന ശാലകൾക്ക് അവധിയായതും കണക്കിലെടുത്താണ് ഇത്രയധികം അളവിൽ ചാരായം സൂക്ഷിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് തിയതിക്ക് മുമ്പായി കൂടുതൽ ചാരായം തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്നതാണ് വാഷ്. തൊഴിലാളികൾ എന്ന വ്യാജേന എക്സൈസ് സംഘം മദ്യം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. ഇവരിൽ നിന്നും പണം വാങ്ങി ചാരായം വിതരണം ചെയ്യുന്നതിനിടെ കൂടുതൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കൈയ്യോടെ പൊക്കി. 10 ലിറ്ററിന്റെ 10 കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. എറണാകുളം ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണിത്. ചാരായം കളർ ചേർത്ത നിലയിലായിരുന്നു. മദ്യ സാമ്പിളുകൾ ലാബിൽ പരിശോധിച്ചാലേ ഗുണ നിലവാരത്തെക്കുറിച്ചു കൂടുതൽ വ്യക്തതയുണ്ടാകൂ.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുരേഷിന്റെ നേത്യത്വത്തിൽ നടന്ന റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, ജയ് മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺ കുമാർ, ബിജു, റൂബൻ, വിപിൻദാസ്, ഹരിദാസ് എന്നിവർ പങ്കെടുത്തു.

കേസ് ഒഴിവാക്കാൻ ശ്രമം നടന്നു

ഇയാൾ പിടിയിലായ ഉടൻ പ്രാദേശിക രാഷ്ട്രീയക്കാർ എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും കേസ് ഒഴിവാക്കാനായില്ല. എക്സൈസ് അസോസിയേഷൻ നേതാക്കളുമായും ഇവർ ബന്ധപ്പെട്ടതായാണ് വിവരം.

കച്ചവടം പരസ്യമാകാതിരിക്കാൻ അയൽവാസികൾക്ക് നൽകാതെ വിശ്വസ്തരായ ആൾക്കാർക്ക് മാത്രമാണ് പ്രതി ചാരായം നൽകിയിരുന്നത്. കടയിൽ നിന്നും ചാരായം ആലുവ പരിസരങ്ങളിലെ നിരവധി ചില്ലറ വില്പന കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുന്നതായി വിവരം ലഭിച്ചതായും അതിനെക്കുറിച്ചു അന്വേഷണം നടന്ന് വരുന്നതായും അധികൃതർ പറഞ്ഞു. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.