murder

ചേർത്തല: മദ്യലഹരിയിൽ വൃദ്ധമാതാവിനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തൈക്കൽ നിവർത്തിൽ കല്യാണിയാണ് (75) മരിച്ചത്. മകൻ സന്തോഷിനെ പട്ടണക്കാട് എസ്.ഐ അമൃത് രംഗന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇടുപ്പെല്ല് ഒടിഞ്ഞ് ഗർഭപാത്രത്തിൽ തുളച്ചുകയറിയാണ് മരണം.

പൊലീസ് പറയുന്നത്: ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സന്തോഷിന്റെ സഹോദരിയുടെ വീട്ടിലായിരുന്ന കല്യാണി കഴിഞ്ഞ ദിവസമാണ് മരംവെട്ട്, ലോഡിംഗ് തൊഴിലാളിയായ സന്തോഷും ഭാര്യയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലെത്തിയത്. 5,000 രൂപ ലോട്ടറിയടിച്ചതിന്റെ ആഘോഷം സുഹൃത്തുക്കളുമായി പങ്കുവച്ച ശേഷമാണ് സന്തോഷ് വീട്ടിലെത്തിയത്. അമ്മയുമായി സംസാരിക്കവേ ക്ഷുഭിതനായ ഇയാൾ ചവിട്ടി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ കല്യാണി രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 108 ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു.

ഇന്നലെ പട്ടണക്കാട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മറ്റുമക്കൾ: രമണി, സുധർമ്മ.