കണ്ണൂർ: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശങ്ങളിലേക്കും മറ്റും അയച്ച് പണം സമ്പാദിക്കുന്ന സംഘം കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഉണ്ടെന്ന് സൂചന. വീട്ടുവേലയ്ക്കും മറ്റുമായി വീടുകളിൽ നിർത്തുന്ന കുട്ടികളാണ് ഇത്തരം ചൂഷണങ്ങൾക്ക് വിധേയരാകുന്നതെന്നാണ് പറയപ്പെടുന്നത്. കർണാടകയിലെ കുടക്, കൂർഗ് ജില്ലകളിൽനിന്നും അതിർത്തി ഗ്രാമങ്ങളിലെ ദളിത്, ആദിവാസി കോളനികളിൽനിന്നും നഗരത്തിലെ വീടുകളിലേക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളെ എത്തിക്കുന്ന വൻ റാക്കറ്റ് കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യം ചൂഷണം ചെയ്താണ് റാക്കറ്റ് കുട്ടികളെ വീട്ടുവേലയ്ക്കെന്ന പേരിൽ എത്തിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പൊലീസ് റെയ്ഡ് നടത്തി ഏതാനും കുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചിരുന്നു. അന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞ പരാതിയെ കുറിച്ചുള്ള അന്വേഷണം എവിടേയും എത്തിയിരുന്നില്ല. വീട്ടുവേലയ്ക്ക് എത്തുന്ന കുട്ടികളിൽ ഭൂരിഭാഗവും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഇത്തരം ദൃശ്യങ്ങൾ പകർത്തി വിദേശങ്ങളിലേക്ക് അയക്കുന്ന സംഘവും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നവീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പൊലീസ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ റെയ്ഡുകൾ നടത്തിവരികയാണ്. 21 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ 12 ജില്ലകളിലെ 45 സ്ഥലങ്ങളിലാണ് ഇതുവരെ റെയ്ഡ് നടന്നത്. ഓപ്പറേഷൻ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. വിദേശത്തേക്ക് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ അയച്ചു പണം സമ്പാദിക്കുന്നവരുമുണ്ടെന്നാണ് വിവരം.
കാസർകോട് ജില്ലയിൽ നേരത്തെ വീട്ടുവേലയ്ക്ക് നിർത്തിയിരുന്ന കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്നൊന്നും ഇത്തരം മരണങ്ങൾ വേണ്ടത്ര ഗൗരവത്തിൽ അന്വേഷിക്കാനോ മരണ കാരണം കണ്ടെത്താനോ സർക്കാരിന്റെയോ പൊലീസിന്റേയോ ഭാഗത്ത്നിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല.