tt

നെയ്യാറ്റിൻകര : നഗരസഭാഅതിർത്തിയിലെ പുറമ്പോക്ക് ഭൂമികളിൽ കൈയേറ്റം വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല. പുറമ്പോക്ക് ഭൂമികൾ റീസർവേ പ്രകാരം അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ട് നാളേറെയായി. പക്ഷേ, ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തെ ഭൂമി കൈയേറിയതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസത്തെ മുനിസിപ്പൽ കമ്മിറ്റി യോഗത്തിലും ബഹളം നടന്നു. ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ഈസ്ഥലം പാർക്കിംഗ് ഏരിയയായി മാറ്റാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. നെയ്യാറ്റിൻകര വഴുതൂർ മുതൽ അമരവിള വരെയുള്ള നെയ്യാറിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികൾ കൈയേറിയത് തിരിച്ചുപിടിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പെരുമ്പഴുതൂരിനും വഴുതൂരിനും ഇടയ്ക്ക് നഗരസഭക്ക് സ്വന്തമായുള്ള ശ്മശാന ഭൂമിയും കൈയേറ്റ ഭീഷണിയിലാണ്. ഇവിടെ നഗരസഭയുടെ ഇലക്ട്രിക് ശ്മശാനം ആരംഭിക്കാനായി പല തവണ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടും ഇതേ വരെ ശ്മശാനം യാഥാർത്ഥ്യമായിട്ടില്ല. കോളനികളുടെ ഭൂമിയും കൈയേറുന്നതായി പരാതിയുണ്ട്.

നഗരസഭാ പ്രദേശത്തെ പൊതുകുളങ്ങളുടെ കരഭൂമിയും കൈയേറ്റ ഭീഷണിയിലാണ്. പല സ്ഥലങ്ങളിലും ഭൂമി കൈയേറി കൃഷിയിറക്കിക്കഴിഞ്ഞു.

പ്രതികരണം

അമ്മൻ കോവിലിന് സമീപത്ത് കൈയേറിയ ഭൂമി തിരികെ പിടിച്ച് പാർക്കിംഗ് ഏരിയ ആക്കണം. നെയ്യാറിന് ഇരുകരകളിലുമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തണം.

ഗ്രാമം പ്രവീൺ (നെയ്യാറ്റിൻകര നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഉപനേതാവ്)

നഗരസഭാ വക ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ റവന്യു അധികൃതരുമായി ചേർന്ന് നടപടി സ്വീകരിക്കും- കെ.കെ.ഷിബു (നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ)