salem

ചെന്നൈ: ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. സംഭവം തമിഴ്നാട് സേലത്ത് കൊണ്ടലാംപെട്ടിയിലാണ്. മാതാപിതാക്കളുടെ ദുരഭിമാനത്തിൽ ജീവൻ നഷ്ടപ്പെട്ടത് 19കാരിയായ രമ്യ ലോഷിനിക്കാണ്. മകളെ കൊന്ന ശേഷം നെയ്ത്തു തൊഴിലാളിയായ രാജ്കുമാറും (43), ഭാര്യ ശാന്തിയും (32) തൂങ്ങിമരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 8ന് അയൽവാസികളാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ രമ്യ ശ്വാസം മുട്ടിയാണു മരിച്ചതെന്നു കണ്ടെത്തി. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ദുരഭിമാനക്കൊലയുടെ ചുരുൾ നിവർന്നത്. ദളിത് യുവാവുമായി ലോഷിനിക്കുണ്ടായിരുന്ന പ്രണയം മാതാപിതാക്കൾക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഇതിന്റെ പേരിൽ ദിവസവും വീട്ടിൽ വഴക്കു നടന്നിരുന്നതായി യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സേലത്തെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ രമ്യ കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. പ്ലസ്ടു വിദ്യാർത്ഥിയായ ലോകനാഥനാണ് രമ്യയുടെ സഹോദരൻ.