crime
visa

 പണം കൈമാറിയത് നേതാവിന്റെ അക്കൗണ്ടിലൂടെ

കുളത്തൂപ്പുഴ: മസ്കറ്റിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷം തട്ടിയ ആർ.എസ്.പി നേതാവിന്റെ മകനെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. കുളത്തൂപ്പുഴ ടിംബർ ഡിപ്പോ ഭാഗം മൂലയിൽ വീട്ടിൽ സജിൻ ഷറഫുദ്ദീന്റെ(41) പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗമായ പിതാവിനെയും പ്രതിചേർക്കുമെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലൂടെയാണ് പണം നൽകിയിട്ടുള്ളത്. തട്ടിപ്പിനിരയായ ഇടുക്കി തൊടുപുഴ സ്വദേശി ജോയ്സി, എറണാകുളം അങ്കമാലി സ്വദേശി റിയ, തൃശൂർ സ്വദേശി അഞ്ചു, പത്തനംതിട്ട തിരുവല്ല സ്വദേശികളായ നിഷ, സോണി എന്നിവരാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസിലെത്തി പരാതി നൽകിയത്.

തട്ടിപ്പിനിരയായ പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പണം നഷ്ടപ്പെട്ടത്തിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതായും പരാതിയിലുണ്ട്. ഒമാനിൽ പുതുതായി തുടങ്ങുന്ന ആശുപത്രിയിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്സുമാരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. റിക്രൂട്ട്മെന്റ് നടത്തിയ ശേഷം വിസയ്ക്കും മറ്റ് ചെലവുകൾക്കുമായി ഓരോരുത്തരും ആറ് ലക്ഷത്തി ഒൻപതിനായിരം രൂപ വീതം തരണമെന്ന് ആവശ്യപ്പെട്ടു. വലിയ ശമ്പളം വാഗ്ദാനം ചെയ്ത ജോലി ആയതിനാൽ ആവശ്യപ്പെട്ട തുക നൽകാൻ കൂടുതൽപേർ തയ്യാറായി. ഷറഫുദ്ദീന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിച്ചവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് പലരും വിദേശത്ത് പോകാൻ തയ്യാറെടുത്തത്. കടംവാങ്ങിയും മറ്റുമാണ് തുക കണ്ടെത്തിയതും. വിസ ലഭിക്കാതെ വന്നതിനെ തുടർന്നാണ് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയത്.

പരാതി വാങ്ങിയെങ്കിലും തുടർ നടപടി കൈക്കൊള്ളാൻ പൊലീസ് ആദ്യം വിമുഖത കാട്ടി. തീർപ്പുണ്ടാക്കാതെ മടങ്ങില്ലെന്ന് യുവതികളും ബന്ധുക്കളും നിലപാടെടുത്തതോടെയാണ് രാത്രിയോടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. എസ്.ഐ ടി.മഹേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മുൻപും വിസാ തട്ടിപ്പ് കേസിൽ സജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഒട്ടേറെ രേഖകൾ അന്ന് പിടിച്ചെടുത്തെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല.