cpim

തിരുവനന്തപുരം: സി.പി.എം അനൂകൂല സംഘടനകൾ തമ്മിലുള്ള വടംവലി കരമനയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ജി.എസ്. ടി കമ്മിഷണറേറ്രിലെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന സ്ഥിതിയിലേക്കെത്തി. സർക്കാർ ജീവനക്കാരുടെ ഇടയിലെ സി.പി.എം അനുകൂല സംഘടനയായ എൻ.ജി. ഒ യൂണിയനും ഗസറ്രഡ് ഓഫീസർമാരുടെ സംഘടനയായ കെ.ജി.ഒ.എയും തമ്മിലാണ് ചേരിപ്പോര് നടക്കുന്നത്. ഇതേ തുടർന്ന് കമ്മിഷണറേറ്രിലെ എൻ.ജി.ഒ യൂണിയന്റെ രണ്ടു പ്രമുഖ നേതാക്കളെ സ്ഥലം മാറ്രി. ഉടൻ തന്നെ ഇവർക്ക് വിടുതലും നൽകി. എസ്റ്രാബ്ലിഷ്മെന്റ് വിഭാഗത്തിലെ സീനിയർ ക്ലാർക്ക് ഉണ്ണികൃഷ്ണൻ നായർ , ക്ലാർക്ക് പ്രശാന്ത് എന്നീ എൻ.ജി.ഒ യൂണിയൻ നേതാക്കളെയാണ് അടിയന്തരമായി സ്ഥലം മാറ്രിയത്. ഇതേ വിഭാഗത്തിലെ അസി. കമ്മിഷണറും കെ.ജി.ഒ. എ നേതാവുമായ ഉദ്യോഗസ്ഥയോടെ മോശമായി പെരുമാറിയതിനെ തുടർന്നാണ് നടപടി.

, അധികൃതരെ അനുസരിക്കാതിരിക്കുക, മോശവും നീതികരിക്കാനാവാത്ത പെരുമാറ്രം, കർത്തവ്യ നിർവഹണത്തിൽ വീഴ്ച എന്നിവ ആരോപിച്ചാണ് സ്ഥലം മാറ്രം.

തിരഞ്ഞെടുപ്പ് പെരുമാറ്ര ചട്ടമുള്ളതിനാൽ സാധാരണ ഗതിയിൽ ഇവരെ സ്ഥലം മാറ്രാൻ കഴിയുമായിരുന്നില്ല. എന്നാൽ വനിതയായ അസി. കമ്മിഷണറോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എടുത്ത അച്ചടക്ക നടപടിയുടെ പേരിലാണ് സ്ഥലം മാറ്രം. സിന്ധുവും സ്ഥലം മാറ്രം ചെയ്യപ്പെട്ടവരും ചേ‌ർന്നാണ് ജി.എസ്. ടി വകുപ്പിലെ ജീവനക്കാരെ യൂണിയന്റെയും കെ.ജി. ഒ.എയുടെയും താല്പര്യങ്ങൾക്കനുസൃതമായി തലങ്ങും വിലങ്ങും സ്ഥലം മാറ്രിക്കൊണ്ടിരുന്നത്.

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനായി മാർച്ച് 26ന് വൈകിട്ട് 3 ന് ഡെപ്യൂട്ടി കമ്മിഷണർ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കാത്തതാണ് നടപടിക്കുള്ള പ്രകോപനം. ജീവനക്കാരാരും യോഗത്തിൽ പങ്കെടുക്കരുതെന്ന് സ്ഥലം മാറ്രപ്പെട്ട നേതാക്കൾ ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. ഇതേ തുട‌ന്ന് വളരെ കുറച്ച് പേരെ യോഗത്തിനെത്തിയിരുന്നുള്ളൂ. സാധാരണ ഗതിയിലുള്ള നോട്ടീസിന് പുറമേ അസി. കമ്മിഷണർ എല്ലാ സെക്ഷനുകളിലും പോയി ജീവനക്കാരോട് യോഗത്തിന് വരാൻ അഭ്യർത്ഥിച്ചിരുന്നു. യോഗത്തിൽ ആൾക്കാർ കുറഞ്ഞതിനെ തുടർന്ന് അസി. കമ്മിഷണറും രണ്ട് നേതാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും മോശമായ രീതിയിൽ പരസ്പരം വെല്ലുവിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അസി. കമ്മിഷണറെ സ്ഥലം മാറ്രുമെന്ന് യൂണിയൻ നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ തന്നെ സ്ഥലം മാറ്രിയത്.