suicide

തിരുവനന്തപുരം: കെട്ടിടം പണിയ്ക്കിടെ ഉയരത്തിൽ നിന്ന് നിലത്തുവീണ് പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ നെടുമങ്ങാട് ഗവ. ആശുപത്രിയിൽ തൂങ്ങിമരിച്ചു. നെടുമങ്ങാട് ചെല്ലാംകോട് കുഴിവിളവീട്ടിൽ ശശിധരന്റെ മകൻ ഷിബുകുമാറിനെയാണ് (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1നും 4നും ഇടയ്ക്കായിരുന്നു സംഭവം. മേസ്തിരി പണിക്കാരനായ ഷിബുകുമാർ ഇന്നലെ ജോലി സ്ഥലത്തുവച്ച് പണിക്കിടെ നിലത്ത് വീണ് പരിക്കേറ്റിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഇയാളെ ഒപ്പമുണ്ടായിരുന്നവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം രാത്രിയോടെ ഇവിടെ നിന്ന് നെടുമങ്ങാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. പുരുഷൻമാരുടെ വാ‌ർഡിൽ അഡ്മിറ്റ് ചെയ്ത ഷിബുകുമാർ കട്ടിലിൽ ഉറങ്ങികിടക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന ഭാര്യ ദീപ വരാന്തയിൽ ഉറങ്ങാനായി പോയി. ഇടയ്ക്ക് ദീപ വന്ന് നോക്കുമ്പോഴാണ് ഷിബുകുമാറിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ആശുപത്രിയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയ്ക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോ‌ർച്ചറിയിലേക്ക് മാറ്റി.മക്കൾ- ഷിതി,വൈഗ, ഷിതിൻ, വൈജിൻ. നെടുമങ്ങാട് പൊലീസ് കേസെടുത്തു.