മലയിൻകീഴ്: ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംപാറയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കൽമണ്ഡപത്തിലെ ഗ്രാനൈറ്റ് പാളികൾ ചിലർ ഇളക്കികൊണ്ടുപോയതാണ് ഒടുവിലത്തെ സംഭവം.
2010 ലാണ് ശാസ്താംപാറയിൽ ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരണവും നിർമ്മാണങ്ങളും നടത്തിയത്. പാറയ്ക്ക് മുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ രണ്ട് മണ്ഡപങ്ങളാണുള്ളത്.ഇതിന്റെ തറയിലും പടിക്കെട്ടിലും പാകിയ ഗ്രാനൈറ്റ് പാളികളാണ് ചിലർ ഇളക്കി കടത്തിയത്. കനത്ത ചൂടിലും കുളിർകാറ്റ് കിട്ടുന്ന ഇവിടേക്ക് നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. പക്ഷേ, സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇതോടെ ബുദ്ധിമുട്ടിലായത് സഞ്ചാരികളും പ്രദേശവാസികളുമാണ്. പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ, കെട്ടിടങ്ങളുടെ ജനൽചില്ലുകൾ, കുട്ടികളുടെ പാർക്ക് എന്നിവ ലഹരി സംഘം നേരത്തെ തല്ലിത്തകർത്തിരുന്നു.പൊലീസ് പെട്രോളിംഗ് ഊർജിതമാക്കാറുണ്ടെങ്കിലും ശാസ്താംപാറയുടെ താഴ് വാരത്ത് പൊലീസ് ജീപ്പ് എത്തുമ്പോൾ തന്നെ മുകളിൽ നിൽക്കുന്നവർക്ക് കാണാനാവും.അതാേടെ സാമൂഹ്യവിരുദ്ധർ രക്ഷപ്പെടും. പാറയ്ക്ക് മുകളിലെ വറ്റാത്ത തെളിനീരുറവ പ്ലാസ്റ്റിക് കുപ്പികളും ആഹാരവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുകയാണ്. ശാസ്താംപാറയിൽ സുരക്ഷാ ജീവനക്കാരന്റെ സേവനം, സി.സി.ടി.വി ക്യാമറകൾ എന്നി സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.