തിരഞ്ഞെടുപ്പുകാലത്ത് ഇ.എം.എസ് നടത്തിയിരുന്ന ഫലപ്രവചനങ്ങൾ ഒരിക്കലും തെറ്റിയിരുന്നില്ലെന്ന് മകൾ ഇ.എം. രാധ ഓർമ്മിക്കുന്നു.
തിരുവനന്തപുരം: ''വോട്ട് പെട്ടിയിലായികഴിഞ്ഞാൽ അച്ഛൻ വളരെ കൂളാണ്. ഒരു ടെൻഷനുമില്ല. ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്യുക, കർമം പിന്നാലെ വരും. എന്നാണ് അച്ഛൻ പഠിപ്പിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ആരു ജയിക്കും, ആരു തോൽക്കുമെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്യും. ഫലം വന്നുകഴിയുമ്പോൾ ഞങ്ങൾ അമ്പരക്കും, അച്ഛൻ എന്താണോ പറഞ്ഞത്... അതു തന്നെയായിരിക്കും സംഭവിച്ചിട്ടുമുള്ളത്.'' ഇ.എം.എസിന്റെ മകളും വനിതാ കമ്മിഷൻ അംഗവുമായ ഇ.എം. രാധ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയായിരുന്നു.
ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ആഗ്രഹിക്കും, അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന്. രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കാലത്തു തന്നെ ഇനി മത്സരിക്കാനില്ലെന്ന് അച്ഛനെടുത്ത തീരുമാനം ഇന്നും വിസ്‌മയമായി തോന്നുന്നുണ്ട്, ഈ മകൾക്ക്. ഇനി പുതിയ ആളുകൾ മത്സരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം.
ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി 1957-ൽ ഇ.എം.എസ് ചുമതലയേൽക്കുമ്പോൾ മൂന്നു വയസാണ് രാധയ്‌ക്ക്. 1967-ൽ രണ്ടാം തവണയും അച്ഛൻ മുഖ്യമന്ത്രിയായ കാലത്തെ കാര്യങ്ങൾ കുറച്ചൊക്കെ ഓർമയിലുണ്ട്. 1970-ലെ തിരഞ്ഞെടുപ്പിനു ശേഷം ഇനി മത്സരിക്കുന്നില്ലെന്ന് തീരുമാനമെടുത്തിട്ടും പ്രചാരണ വേദികളിൽ സജീവമായിരുന്നു അച്ഛൻ. ആലപ്പുഴ ഭാഗങ്ങളിൽ അച്ഛനൊപ്പം പ്രചാരണത്തിനു പോയിട്ടുണ്ട് ഇ.എം.രാധ. ''പുന്നപ്രയിൽ നിന്ന് ബോട്ടിലായിരുന്നു യാത്ര. കുടുംബയോഗങ്ങളാണ് കൂടുതലും. റാന്തലിന്റെ വെട്ടത്തിൽ കോളാമ്പി മെെക്കിൽ പ്രസംഗിക്കുന്ന അച്ഛന്റെ രൂപം മറന്നിട്ടില്ല. നൂറുകണക്കിനു പേർ പ്രസംഗം കേൾക്കാൻ പലേടത്തും കാത്തു നിൽക്കുന്നുണ്ടാവും. എല്ലാം സാധാരണക്കാർ.
വെക്കേഷൻ കാലത്താണ് ഈ യാത്രകൾ. അച്ഛനോടുള്ള ആളുകളുടെ ആദരവും സ്നേഹവും കാണുമ്പോൾ താൻ ഒരു വലിയ ആളുടെ മകളാണെന്ന് ഉള്ളിൽ തോന്നിയിട്ടുണ്ട്- രാധയുടെ വാക്കുകളിൽ ഓർമകളുടെ തിരയിളക്കം.