തിരുവനന്തപുരം: മലമൂത്ര വിസർജ്യങ്ങളിൽ കുഴഞ്ഞുകിടക്കുന്നവരെ കുളിപ്പിക്കണം, കട്ടിലും വാർഡും വൃത്തിയാക്കണം, ആഹാരം നൽകണം... അനാഥരും അവശരുമായ രോഗികളുടെ അഭയ കേന്ദ്രമായ ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന 88 പേരെ പരിചരിക്കാൻ ആകെയുള്ളത് രണ്ടേ രണ്ടു ജീവനക്കാർ. ജോലി ഭാരം കാരണം താൽക്കാലിക ജീവനക്കാരായ മൂന്നുപേർ പണിമതിയാക്കി പോയതോടെയാണ് സെക്കന്റ് ഗ്രേഡ്, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ജോലിനോക്കുന്ന ഇവർക്ക് നിന്നുതിരിയാൻ നേരമില്ലാതായത്. ഇവരുടെ കഷ്ടപ്പാടും രോഗികളുടെ ദുരിതവും കണ്ട് മനസലിഞ്ഞ് നഴ്സുമാരും ഡോക്ടർമാരുൾപ്പെടെയുള്ള മറ്റ് ജീവനക്കാരും സഹായത്തിനെത്താറുണ്ടെങ്കിലും അതൊന്നും പരിഹാരമാകുന്നില്ല.
ഇവിടെ ചികിത്സയിലുള്ളതിൽ അറുപതോളം പേരും കിടക്കയിൽ നിന്ന് എഴുന്നേറ്റിരിക്കാൻ പോലും പരസഹായം ആവശ്യമുള്ളവരാണ്. ഉറ്റവരോ ഉടയവരോ അന്വേഷിച്ചെത്താത്തവരാണ് അമ്പതോളംപേർ. രണ്ടുപേരുടെ സഹായമില്ലാതെ ഇവരെ താങ്ങിയെടുത്ത് കൊണ്ടുപോകാനോ കുളിപ്പിക്കാനോ കഴിയില്ല. കിടക്കയിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്ന ഇവർക്ക് രാവിലെയും വൈകുന്നേരവും കുറഞ്ഞത് രണ്ടുനേരം ഡയപ്പർ മാറ്റണം. നിരന്തരമായ കിടപ്പ് കാരണം വ്രണം ബാധിച്ചവരും തളർന്നുപോയവരും കൂട്ടത്തിലുണ്ട്. മാരക രോഗങ്ങൾ ബാധിച്ചവർ വേറെ. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാത്ത പക്ഷം സ്വന്തം ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യത്തിലും ഇവർക്കായി ആത്മസമർപ്പണം നടത്തിവന്ന ജീവനക്കാരാണ് ഒമ്പതാം വാർഡിന്റെ നെടുംതൂൺ.
ചികിത്സയിലൂടെ രോഗം ഭേദമായ നിരവധിപേർ ഇവിടെയുണ്ട്. എന്നാൽ, അവശരായ ഇവരെ ഏറ്രെടുക്കാൻ ഉറ്രവർ തയ്യാറല്ല. അനാഥാലയങ്ങളിലേക്കോ മറ്റോ അയയ്ക്കാമെന്ന് വച്ചാൽ കിടപ്പ് രോഗികളെ അവരും സ്വീകരിക്കില്ല. സന്നദ്ധ സംഘടനകളും ആശുപത്രിയും ചേർന്ന് നാലുനേരം ആഹാരം എത്തിക്കുന്നതിനാൽ വിശപ്പിന്റെ വിളിയില്ല. ജീവനക്കാരും സുമനസുകളും അത്യാവശ്യം വസ്ത്രങ്ങളും സംഭാവനയായി നൽകും.
''സംസ്ഥാനത്ത് മറ്റൊരു സർക്കാർ ആശുപത്രിയിലും അനാഥരെ സംരക്ഷിക്കാനോ ചികിത്സ നൽകാനോ പ്രത്യേക വാർഡോ പരിചരണ സംവിധാനമോ ഇല്ല. അതിനാൽ ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. മതിയായ പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാൽ രോഗം ഭേദമായാലും പലരും വീടുകളിലേക്ക് മടങ്ങാൻ തയ്യാറല്ല. വീട്ടുകാർ ഇവരെ ഏറ്രെടുക്കാനും കൂട്ടാക്കില്ല. ഈ സാഹചര്യത്തിലാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ഇത് ജീവനക്കാരുടെ ജോലി ഭാരം കൂട്ടും. താൽക്കാലിക ജീവനക്കാർ മതിയാക്കി പോയെങ്കിലും വാർഡിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരെ ഏറ്രെടുക്കാൻ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളോ അഗതി മന്ദിരങ്ങളോ തയ്യാറായാൽ ഒമ്പതാം വാർഡിലെ തിരക്ക് കുറക്കാൻ കഴിയും.
ആർ.എം.ഒ, ജനറൽ ആശുപത്രി.