ചിറയിൻകീഴ്: വാഹനങ്ങൾ ചീറിപാഞ്ഞുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു. ചിറയിൻകീഴ് - ആറ്റിങ്ങൽ റൂട്ടിലെ അവസ്ഥയാണിത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റൂട്ടിൽ നിരന്തരം ഉണ്ടാകുന്നത്. വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ വീതി കുറവും അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. ഉത്സവ സീസൺ കൂടി തുടങ്ങിയതോടെ ഈ റൂട്ടിലെ വാഹനങ്ങളുടെ തിരക്ക് അധികമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
റോഡിന്റെ വീതി കുറവ് കാരണം ഇരുവശത്തേയ്ക്കുമുള്ള വാഹനങ്ങൾ തിങ്ങി ഞെരുങ്ങിയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. ബൈക്കുകളുടെ ചീറിപായലും അശ്രദ്ധമായ ഓടിപ്പുമാണ് അപകടത്തിന്റെ മറ്റൊരു കാരണം. വലിയകടയ്ക്കും പുളുമൂട് ജംഗ്ഷനും ഇടയ്ക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു ബൈക്ക് അപകടമെങ്കിലും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏഴു കിലോമീറ്റർ ദൂരം വരുന്ന ചിറയിൻകീഴ് ആറ്റിങ്ങൽ റോഡി
ൽ ചിറയിൻകീഴ് ചക്കുവിളാകം ജംഗ്ഷനിലും പുളിമൂട് ജംഗ്ഷനിലും മാത്രമാണ് സ്പീഡ് ബ്രേക്കർ എന്ന നിലയിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ നേരത്തെ സേഫ്റ്റി കോണുകൾ വലിയകട ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നെങ്കിലും അത് ഇപ്പോൾ കാണുന്നില്ല. രാവിലെയും വൈകിട്ടും പൊലീസിന്റെ നിയന്ത്രണം ഉണ്ടായിരുന്നതും ഇപ്പോഴില്ല.
ചിറയിൻകീഴ് - ആറ്റിങ്ങൽ റൂട്ടിൽ സ്വകാര്യ ബസുകൾ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സർവീസുകൾ നടത്തുന്നത്. നൂറുകണക്കിന് സ്വകാര്യ ബസ് സർവീസുകളും അമ്പതോളം കെ.എസ്.ആർ.ടി.സി സർവീസുകളും ഈ റൂട്ടിലുണ്ട്.