ജീവിതത്തിന്റെ ചോരത്തുടിപ്പുള്ള നല്ല കാലമത്രയും തൊഴിലെടുത്ത് പിരിയുന്ന കാലത്ത് ഏതെങ്കിലും വിധത്തിലുള്ള പെൻഷൻ വലിയ അനുഗ്രഹമാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു പിരിയുന്നവർക്കായി 1995-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി ജീവനക്കാരെ കളിയാക്കുന്ന തരത്തിലുള്ളതായിരുന്നു. മാസം 45 രൂപ പി.എഫ് പെൻഷൻ വാങ്ങിയവരുണ്ടായിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും പെൻഷൻ തുക പുതുക്കുമെന്ന വാഗ്ദാനത്തോടെയാണ് പദ്ധതിക്കു തുടക്കമിട്ടതെങ്കിലും ഇരുപതു വർഷത്തിലേറെക്കാലം ഒന്നും നടന്നില്ല. പിച്ചക്കാശിനു സമാനമായ കുറഞ്ഞ പെൻഷൻ ആയിരം രൂപയായി വർദ്ധിപ്പിച്ചിട്ട് അധിക നാളായില്ല. പ്രോവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്ന ഇ.പി.എഫ്.ഒയുടെ കടും പിടിത്തം കാരണമാണ് കാലാനുസൃതമായ പെൻഷൻ വർദ്ധന നടക്കാതെ പോയത്. ഉയർന്ന തോതിൽ പെൻഷൻ നൽകുന്നതിന് ഇ.പി.എഫ്.ഒ തുടക്കം മുതലേ എതിരായിരുന്നു. ജീവനക്കാരുടെ ക്ഷേമം മുൻനിറുത്തി തുടങ്ങിയ പെൻഷൻ പദ്ധതി അവർക്ക് എങ്ങനെ ഗുണകരമാകാതിരിക്കണമെന്ന ഗവേഷണത്തിനാണ് ഇ.പി.എഫ്.ഒ ഒരുമ്പെട്ടത്. പി.എഫ് വിഹിതമടയ്ക്കുന്നതിൽ നിയന്ത്രണം വച്ചും ജീവനക്കാരുടെ താത്പര്യങ്ങൾ ബലികഴിച്ചും മാനദണ്ഡങ്ങൾ നിശ്ചയിച്ചതു കാരണം എത്ര ഉയർന്ന ശമ്പളം വാങ്ങിയിരുന്നവർക്കും തുച്ഛമായ പെൻഷൻ വാങ്ങാനേ യോഗമുണ്ടായുള്ളൂ. തികച്ചും സ്വേച്ഛാപരമായ ഈ അവസ്ഥയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ മാറാൻ പോകുന്നത്. പി.എഫ് പെൻഷൻകാരെ സംബന്ധിച്ചിടത്തോളം ഐതിഹാസികമെന്നു പറയാവുന്ന വിധിയാണിത്. യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ പി.എഫ് പെൻഷൻ വാങ്ങാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്ന കേരള ഹൈക്കോടതി നേരത്തെ ഇറക്കിയ ഉത്തരവ് സുപ്രീംകോടതി അതേപടി ശരിവച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു പിരിഞ്ഞ ജീവനക്കാർ ഒറ്റയ്ക്കും കൂട്ടായും ദീർഘമായി നടത്തിയ നിയമ പോരാട്ടത്തിന്റെ അന്തിമ വിജയം കൂടിയാണിത്.
വാങ്ങിയിരുന്ന ശമ്പളം എത്രയായാലും 15,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് പി.എഫ് പെൻഷൻ കണക്കാക്കിയിരുന്നത്. ഈ മാനദണ്ഡം നേരത്തേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെൻഷൻ നിർണയത്തിന് അവസാന കാലത്തു വാങ്ങിയ ശമ്പളം മൊത്തത്തിൽ കണക്കിലെടുക്കണമെന്ന കോടതി തീർപ്പ് നടപ്പാകുമ്പോൾ ഉയർന്ന ശമ്പളം വാങ്ങി പിരിഞ്ഞവർക്ക് പെൻഷനിലും വൻ വർദ്ധനയാണുണ്ടാവുക. ഇതിന് അവർ ഓപ്ഷൻ നൽകുകയും പെൻഷൻ ഫണ്ടിലേക്ക് അധിക തുക പുതുതായി അടയ്ക്കേണ്ടിവരികയും ചെയ്യണമെന്നു മാത്രം. മുഴുവൻ പി.എഫ് വരിക്കാരും ശമ്പള പരിധിയില്ലാതെ പെൻഷൻ ആനുകൂല്യത്തിന് അർഹരാകുമെന്നതാണ് കോടതി വിധികളെത്തുടർന്നുണ്ടായ സുപ്രധാന നേട്ടം. 2014-ൽ ദേദഗതി ചെയ്ത ഇ.പി.എഫ് ഭേദഗതി പ്രകാരം 15000 രൂപയിലധികം ശമ്പളം വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്തായിരുന്നു. അതുപോലെ സ്വന്തമായി പെൻഷൻ പദ്ധതി പ്രാബല്യത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും പദ്ധതിയുടെ പുറത്തായിരുന്നു. ഇത്തരത്തിലുള്ള എല്ലാത്തരം വേർതിരിവുകളും അസാധുവായി കോടതി പ്രഖ്യാപിച്ചതിനാൽ പി.എഫ് വരിക്കാരായ നാലുകോടിയിൽപ്പരം ജീവനക്കാർക്കും ഇനി പെൻഷന് അർഹത ഉണ്ടായിരിക്കും.
നരസിംഹറാവു സർക്കാരിന്റെ കാലത്ത് പി.എഫ് പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വന്നപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞു പോകുന്നവർക്കുള്ള പുതിയൊരു സാമൂഹ്യ സുരക്ഷാ പദ്ധതിയെന്ന നിലയ്ക്കാണ് അത് വാഴ്ത്തപ്പെട്ടത്. വാഗ്ദാന പ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ പെൻഷൻ തുക വർദ്ധിപ്പിക്കാനാവശ്യമായ ഫണ്ടുണ്ടായിട്ടും ഇ.പി.എഫ്.ഒ അതിനു തുനിയാതിരുന്നത് സ്വേച്ഛാപ്രമത്തത കൊണ്ടാണ്. എന്നാൽ ജീവനക്കാരും മാനേജ്മെന്റുകളും അടച്ച വിഹിതം കൊണ്ടാണ് പെൻഷൻ ഫണ്ട് നടന്നു പോകുന്നതെന്ന യാഥാർത്ഥ്യം പോലും അവർ വിസ്മരിച്ചു. പി.എഫ് നിധിയിൽ അവകാശികളില്ലാതെ കുമിഞ്ഞുകൂടിക്കിടക്കുന്ന 35000 കോടി രൂപയുടെ പലിശ ചേർത്താൽത്തന്നെ ഉയർന്ന പെൻഷൻ നൽകാനാവശ്യമായ ഫണ്ട് കണ്ടെത്താമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാർദ്ധക്യകാല പെൻഷൻ 1500 രൂപയായി ഉയർത്തിയപ്പോൾ പോലും രണ്ടും മൂന്നും പതിറ്റാണ്ടുകൾ തൊഴിലെടുത്തു പടിയിറങ്ങേണ്ടി വന്ന പാവം തൊഴിലാളിക്ക് പി.എഫ് പെൻഷനായി അൻപതോ നൂറോ ഇരുന്നൂറോ രൂപ മാത്രമാണ് പെൻഷനായി നൽകിക്കൊണ്ടിരുന്നത്. ഈ അനീതിക്കെതിരെ പാർലമെന്റിൽ നിരന്തരം മുറവിളി ഉയർന്നിട്ടും അനുകൂല തീരുമാനമെടുക്കാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല. ഒടുവിൽ നീതിപീഠം തന്നെ അതിനും പരിഹാരം കാണേണ്ടിവന്നു. ജനകീയ സർക്കാരുകൾ പരാജയപ്പെട്ടിടത്ത് ഒരിക്കൽ കൂടി നീതിപീഠം സഹായത്തിനെത്തേണ്ടിവന്നു. ശമ്പള പരിധി നോക്കാതെ മുഴുവൻ പി.എഫ് വരിക്കാർക്കും പെൻഷൻ നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ വകുപ്പും പ്രത്യേകം അപ്പീൽ സമർപ്പിച്ച് കാത്തിരിപ്പുണ്ട്. തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഇ.പി.എഫും തൊഴിൽ വകുപ്പുമൊക്കെ എങ്ങനെ ആനുകൂല്യം നൽകാതിരിക്കാമെന്നതിലാണ് പരസ്പരം മത്സരിക്കുന്നത്. യാഥാർത്ഥ്യങ്ങൾ ഇതായിട്ടും ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പ്രകടന പത്രികയിൽ ചൊരിഞ്ഞിടുന്ന വാഗ്ദാനങ്ങൾ കണ്ടാൽ കണ്ണു മഞ്ഞളിച്ചു പോകും.