തിരുവനന്തപുരം: ആറ്രിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്നലെ ജില്ലാ കളക്ടർ കെ. വാസുകി മുമ്പാകെ പത്രിക സമർപ്പിച്ചു. രാവിലെ കോലിയക്കോട് പൂലന്തുറ ആലയിൽ ആശ്രമത്തിലെത്തി അനുഗ്രഹം വാങ്ങിയ ശേഷം പൂലന്തുറ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു. ശരണംവിളികളോടെയാണ് ഭക്തർ സ്ഥാനാർത്ഥിയെ വരവേറ്റത്. തുടർന്ന് ചേങ്കോട്ടുകോണം ആശ്രമവും സന്ദർശിച്ചാണ് 10.40 ഓടെ കുടപ്പനക്കുന്നിലെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പാർലമെന്റ് മണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ കെ.എ. ബാഹുലേയൻ, മലയിൻകീഴ് രാധാകൃഷ്ണൻ, പി. സുധീർ, ചെമ്പഴന്തി ഉദയൻ, തോട്ടയ്ക്കാട് ശശി, ജി. സോമശേഖരൻ നായർ, അജി .എസ്.ആർ.എം, വേണുകാരണവർ, പ്രദീപ് പുറന്താടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കളക്ടറേറ്രിലെത്തിയത്. പി.എസ്. ശ്രീധരൻപിള്ളയുടെ കാൽതൊട്ട് വന്ദിച്ച ശേഷമാണ് പത്രിക കൈമാറിയത്.
വിജയത്തിന്റെ കാര്യത്തിൽ ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.