തിരുവനന്തപുരം: നഗരത്തിന്റെ രണ്ടാം റെയിൽവേ ടെർമിനലായി വിശേഷിപ്പിക്കപ്പെടുന്ന കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ ഭാവി വികസനം മാസ്റ്റർ പ്ളാനിലൊതുങ്ങിയോ? ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് പ്ളാറ്റ് ഫോം- മെയിന്റനൻസ് -പിറ്റ് ലൈനുകളില്ലാത്തതിനാൽ ഗതാഗതവും മെയിന്റനൻസും അവതാളത്തിലാകുന്നു. ദീർഘദൂരം ഉൾപ്പെടെ ദിവസം ശരാശരി എട്ട് സർവ്വീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അത്രയും തന്നെ എണ്ണം നിത്യേന ഇവിടെ എത്തിച്ചേരുന്നുമുണ്ട്. വരുന്ന ട്രെയിനുകൾ കഴുകാനും കോച്ച് മെയിന്റൻസിനും ആവശ്യമായ പാളങ്ങൾ ഇവിടെയില്ല. അതിനാൽ യാത്രക്കാരെ ഇറക്കിയശേഷം കടയ്ക്കാവൂർ, വർക്കല , പരവൂർ റെയിൽവേ സ്റ്റേഷനുകളിലെത്തിച്ച് സൂക്ഷിക്കും. പുറപ്പെടേണ്ടതിന് തൊട്ടുമുമ്പായി ഇവിടെ എത്തിച്ച് മെയിന്റനൻസ് നടത്തി വെള്ളം നിറച്ച് പുറപ്പെടുകയാണ് ഇപ്പോഴത്തെ രീതി.
കൊച്ചുവേളിയെ വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ളാനിന് രണ്ട് വർഷം മുമ്പ് രൂപം നൽകിയെങ്കിലും നിർദേശിച്ച പദ്ധതികളൊന്നും നടപ്പാക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ആറ് പ്ളാറ്റ് ഫോം ലൈനാണ് നിർദേശിച്ചത്. നിലവിൽ നാല് ലൈനുകളേയുള്ളൂ. രണ്ടും മൂന്നും പ്ളാറ്റ് ഫോമുകളിൽ ഓരോ ലൈൻ കൂടി സ്ഥാപിച്ചാൽ ഈലക്ഷ്യം സാധിക്കാം. എന്നാൽ റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ല.
മെയിന്റനൻസിനായി 5 ലൈനുകൾ വേണമെന്നായിരുന്നു നിർദേശം.
കൊച്ചുവേളിയിലെ ട്രെയിനുകൾക്ക് പുറമേ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള കേരള എക്സ് പ്രസ്, കണ്ണൂർ എന്നിവ കൂടി മെയിന്റനൻസ് ചെയ്യുന്ന ഇവിടെ മൂന്ന് ലൈനുകളാണ് മെയിന്റനൻസിനുള്ളത്. സർവീസ് കഴിഞ്ഞെത്തുന്ന ട്രെയിനുകൾ നിർത്തിയിടാനുള്ള സ്റ്റേബ്ളിംഗ് ലൈൻ മൂന്നെണ്ണമേയുള്ളൂ. ട്രെയിനുകൾ സൂക്ഷിക്കാൻ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നത് ഇതിനാലാണ്. റെയിൽവേ പുതുതായി പ്രഖ്യാപിച്ച ട്രെയിനുകളെല്ലാം കൊച്ചുവേളിയിൽനിന്നാണ് യാത്രതിരിക്കുന്നതും അവസാനിപ്പിക്കുന്നതും. സ്ഥല സൗകര്യവും ബൈപാസ്, വിമാനത്താവളം എന്നിവയുടെ സാമീപ്യമടക്കമുള്ള വികസന സാദ്ധ്യതകളും പ്രയോജനപ്പെടുത്താൻ നടപടിയുണ്ടാകാത്തതാണ് കൊച്ചുവേളി വികസനം ഫയലിൽ ഒതുക്കിയത്.
'' കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പ്ലാറ്റ്ഫോം ലൈനടക്കം കൂടുതൽ ലൈനുകൾ സ്ഥാപിച്ചാലേ ട്രെയിൻ ഗതാഗതവും മെയിന്റനൻസും കാര്യക്ഷമമായി നടത്താൻ കഴിയൂ. മാസ്റ്റർപ്ളാനിലെ ശുപാർശകൾ നടപ്പാക്കുകയാണ് ഇതിനുള്ള മാർഗം.''
സ്റ്റേഷൻ മാസ്റ്റർ, കൊച്ചുവേളി.