തിരുവനന്തപുരം : വോട്ടില്ല, എങ്കിലും കുഞ്ഞുങ്ങളെ താലോലിക്കാനും സ്ഥാനാർത്ഥികൾ മത്സരിക്കുകയാണ്. വോട്ടു തേടി കവലകളിലെത്തുന്ന ഏതൊരു സ്ഥാനാർത്ഥിയുടെയും കണ്ണുകൾ ആദ്യം പതിക്കുന്നത് സമീപത്ത് നിൽക്കുന്ന കുട്ടികളിലാകും. അവരുടെ നിഷ്‌കളങ്ക പുഞ്ചിരി പൊരിവെയിലത്തോടുന്ന സ്ഥാനാർത്ഥികൾക്ക് പോസിറ്റീവ് എനർജിയാണ്. തലസ്ഥാനത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ ഗൗരീശപട്ടത്തെത്തിയപ്പോൾ സമയം രാവിലെ 11.30. കേശവദാസപുരം ജംഗ്ഷനിലിറങ്ങി വോട്ടഭ്യർത്ഥിച്ച് നടന്നതിന്റെ ക്ഷീണം മുഖത്തുണ്ട്. ജംഗ്ഷനിലെ കടകളിൽ ഓരോന്നും നടന്ന് ചെന്ന് വോട്ടു ചോദിച്ചു. പിന്നെ നേരെ ക്ഷേത്രം റോഡിലേക്ക് കടന്നു. ആശുപത്രിക്കു മുന്നിൽ നിൽക്കുകയായിരുന്ന പോത്തൻകോട് സ്വദേശി അനിലിന്റെ ഒക്കത്തുണ്ടായിരുന്ന ആറു മാസം പ്രായമുള്ള മകൾ അലംകൃത ഇതെല്ലാം കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. തുടർന്ന് കുമ്മനം അടുത്തെത്തി കവിളൊന്നു തലോടിയപ്പോൾ പുഞ്ചിരിയായിരുന്നു അലംകൃതയുടെ സമ്മാനം. കണ്ടു നിന്നവർക്കും സന്തോഷം. ഉന്മേഷത്തോടെ കുമ്മനം ആശുപത്രിയിലേക്കും തുടർന്ന് ആട്ടോ സ്റ്റാൻഡിലേക്കും നടന്നു. ഉച്ചയ്ക്ക് 12.30 - പാണൻവിള ജംഗ്ഷൻ. മണ്ണന്തല ജംഗ്ഷനിലെ വോട്ടഭ്യർത്ഥന കഴിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ തുറന്ന വാഹനത്തിൽ അവിടെയെത്തി. മുന്നിലും പിന്നിലും പ്രചാരണ വാഹനം. വാഹനം നിറുത്തി തരൂർ രണ്ടു വാക്കു സംസാരിച്ചപ്പോഴേക്കും എം.സി റോഡ് വാഹനക്കുരുക്കായി. തുടർന്ന് പ്രചാരണ വാഹനം മുന്നോട്ട്. പാറോട്ടുകോണത്തെത്തിയപ്പോൾ സ്വീകരിക്കാൻ നിൽക്കുന്നത് രണ്ടാം ക്ളാസുകാരി റിസ്വാന. കോൺഗ്രസ് പ്രവർത്തകനായ സുധീർ മകൾ റിസ്വാനയെ എടുത്തുയർത്തി തരൂരിനെ ഷാൾ അണിയിച്ചു. ആ മിടുക്കി എവിടെ? ഒന്നു കൂടി റിസ്വാനയെ ഉയർത്തിയപ്പോൾ ഒരു ഷാൾ തരൂർ റിസ്വാനയെ അണിയിച്ചു. വലിയൊരു സമ്മാനം കിട്ടിയ സന്തോഷമായിരുന്നു റിസ്വാനയ്‌ക്ക്. കാര്യവട്ടം തൃപ്പാദപുരത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ പ്രചാരണ വാഹനം പോകുന്നു. ചൂടൊക്കെ മറന്ന് കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ കുട്ടികളും. ദിവാകരന്റെ നിർദ്ദേശാനുസരണം വാഹനം നിന്നു. കൂട്ടത്തിലൊരാൾ ഒരു ബാലനെ ഉയർത്തി. കൈനിറയെ കണിക്കൊന്ന പൂക്കളാണ് അവൻ സമ്മാനിച്ചത്. കനത്ത വേനലിൽ ക്ഷീണം മറന്ന് സി. ദിവാകരൻ ഇന്നലെ നെയ്യാറ്റിൻകരയിലെ വിവിധ ഭാഗങ്ങളിലായിരുന്നു. ആദ്യം പച്ചക്കോട്. പിന്നെ, രാമപുരം. ഉച്ച കഴിഞ്ഞ് മുല്ലുവിളയിലുമെത്തി.