പൂനെ: വഴക്കിനൊടുവിൽ തിളച്ച എണ്ണ ഭർത്താവിന്റെ മേലൊഴിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. പൂനെയ്ക്കുസമീപത്തായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇമ്രാൻ സലിം ഷേക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടുജോലിക്കാരിയാണ് യുവതി. ഇമ്രാൻ കടയിലെ ജോലിക്കാരനും. ഇരുവരും വളരെ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ജോലികഴിഞ്ഞെത്തിയ ഇമ്രാൻ നിസാര കാര്യത്തിന് ഭാര്യയുമായി വഴക്കിട്ടു. ഭാര്യയും വിട്ടുകൊടുത്തില്ല. അതോടെ വഴക്കുമൂത്തു. അല്പംകഴിഞ്ഞതോടെ വഴക്കവസാനിപ്പിച്ച് ഭർത്താവ് കുളിക്കാൻപോയി.
കുളികഴിഞ്ഞുവന്നെങ്കിലും ഭാര്യയ്ക്ക് അരിശംമാറിയിരുന്നില്ല. പാകംചെയ്തുകൊണ്ടിരുന്ന അവർ ഭർത്താവുമായി വീണ്ടും വഴക്കിട്ടു. ഇതിനിടെയാണ് തിളച്ച എണ്ണ ഭർത്താവിന്റെ ദേഹത്തൊഴിച്ചത്. ദേഹമാസകലം പൊള്ളിയ ഭർത്താവ് നിലവിളിച്ചതോടെ യുവതി സ്ഥലംവിടാനൊരുങ്ങി. നിലവിളികേട്ടെത്തിയ അയൽവാസികളാണ് ഇമ്രാനെ ആശുപത്രിയിലാക്കിയത്. നാട്ടുകാർ യുവതിയെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകായിരുന്നു. ഇമ്രാന്റെ പൊള്ളൽ ഗുരുതരമാണെങ്കിലും അപകട നില തരണംചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.