rahul

തിരുവനന്തപുരം: വയനാടൻ ചുരം വഴി പോകുന്ന പോക്കിൽ വല്ല തട്ടുകടയോ കുലുക്കി സർബത്തോ കണ്ടാൽ രാഹുൽ ഗാന്ധി ചാടിയിറങ്ങുമോ?​ അതാണ് സുരക്ഷാ സേനയുടെ പേടി. സുരക്ഷയൊന്നും നോക്കുന്ന ടൈപ്പല്ല രാഹുൽജി. അതീവ സുരക്ഷയുള്ള ഇസഡ് പ്ളസ് കാറ്റഗറിയിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ. യന്ത്രത്തോക്കേന്തിയ 36 കമാൻഡോകൾ ഫുൾടൈം കൂടെയുണ്ടാകും. പറഞ്ഞിട്ടെന്ത്,​ വലയം ഭേദിച്ചാൽ വലയുന്നത് പൊലീസാണ്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നെന്ന് അറിഞ്ഞപ്പോൾ മുതൽ എസ്.പി.ജി അസി.ഐ.ജി ഗയൂർമെദ് ദോർജി ടെൻഷനിലാണ്.

മാവോയിസ്റ്റുകൾ നാട്ടിൽപ്പോലുമിറങ്ങി വിലസുന്ന സ്ഥലം. കർണാടക- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിർത്തി വനമേഖല കൂടിയായ മണ്ഡലത്തിൽ മാവോയിസ്റ്റ് നേതാക്കൾ പലരും ഒളിച്ചിരിപ്പുണ്ടെന്നാണ് ഇന്റലിജൻസ് പറയുന്നത്. എല്ലാംകൊണ്ടും പണി തന്നെ.

ഇന്ന് കോഴിക്കോട്ടും,​ നാളെ വയനാട്ടിലുമെത്തുന്ന രാഹുലിന് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണർ സ്ഥലത്തെത്തിക്കഴിഞ്ഞു. സ്ഥാനാർത്ഥി പോകുന്നിടത്തെല്ലാം മൊബൈൽ ജാമർ ഉണ്ടാകും. വയനാടിന്റെ ദുർഘടമായ ഭൂമിശാസ്ത്രമാണ് മറ്റൊരു വെല്ലുവിളി. കോളനികളിലെ ഉൾപ്രദേശങ്ങളിലോ വീടുകളിൽ കയറിയോ വോട്ടു ചോദിക്കാൻ രാഹുലിന് എസ്.പി.ജി അനുമതിയില്ല. ഇന്നു രാത്രി കോഴിക്കോട്ടു താമസിച്ച്,​ നാളെ രാവിലെ 11.30-ഓടെ ജില്ലാ കളക്‌ടറേറ്റിന് 400 മീറ്റർ മാറിയുള്ള കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് രാഹുലിന്റെ കോപ്ടർ ഇറങ്ങുക. പത്രിക സമർപ്പിക്കാൻ ബുള്ളറ്റ് പ്രൂഫ് കാറിൽ പോകും. പത്രിക നൽകിയ ശേഷം അല്‌പദൂരത്തേക്ക് ഒരു റോഡ് ഷോ എസ്.പി.ജി അനുവദിച്ചെങ്കിലായി.

എസ്.പി.ജി നിർദ്ദേശിക്കുന്ന സുരക്ഷാവലയമാണ് പൊലീസ് വയനാട്ടിൽ ഒരുക്കുക. ഉത്തരമേഖലാ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ഐ.ജി എം.ആർ.അജിത്കുമാർ, എസ്.പി കറുപ്പുസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ. രാഹുലിന്റെ യാത്രകൾ, പ്രചാരണം, പ്രസംഗവേദികൾ, താമസം... എല്ലാം നിശ്ചയിക്കുക സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആണ്. കുഴിബോംബുകൾ കണ്ടെത്താനും വനമേഖലയിലെ ഓപ്പറേഷനും പ്രത്യേക പരിശീലനം ലഭിച്ച സേനാംഗങ്ങളെ വയനാട്ടിൽ വിന്യസിച്ചിട്ടുണ്ട്. പുറമെ തണ്ടർബോൾട്ട് കമാൻഡോകളും എലൈറ്റ് കമാൻഡോ വിഭാഗവും.

ആശങ്കകൾ

1) സുരക്ഷാവലയം ഭേദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് രാഹുലിന്റെ പതിവ്. മുമ്പ് കേരളത്തിലെത്തിയപ്പോൾ കോഴിക്കോട്ട് പാരഗൺ ഹോട്ടലിലും കൊച്ചിയിലെ ചായക്കടയിലുമെല്ലാം ചാടിക്കയറിയിട്ടുണ്ട്.

2) രണ്ടു വർഷത്തിനിടെ നടത്തിയ 121യാത്രകളിൽ നൂറിലും ബുള്ളറ്റ് പ്രൂഫ് കാറുകളിൽ സഞ്ചരിക്കാൻ രാഹുൽ തയ്യാറായില്ല. ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചിരുന്നു

3) യാത്രകളുടെ അവസാന മണിക്കൂറിലേ എസ്.പി.ജിയെ വിവരം അറിയിക്കാറുള്ളൂ. രണ്ടു വർഷത്തിനിടെ 72 വിദേശ യാത്രകളിൽ രാഹുൽ എസ്.പി.ജി സുരക്ഷ ഒഴിവാക്കി.

അപകടങ്ങൾ

1) മണ്ഡലത്തിലെ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി, തിരുവമ്പാടി, നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളെല്ലാം മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ.

2) 2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും,​ കഴിഞ്ഞ മാർച്ചിൽ സി.പി.ജലീലും കൊല്ലപ്പെട്ടു.

3) തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുൽപ്പള്ളി, മലപ്പുറത്തെ വഴിക്കടവ്, പോത്തുകൽ, കാളികാവ്, കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനുകൾക്ക് മാവോയിസ്റ്റ് ആക്രമണ ഭീഷണി.