aa-asees

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെ‌ടുപ്പ് കഴിയുമ്പോൾ ദേശീയ പാർട്ടി എന്ന അംഗീകാരം പോലും സി.പി.എമ്മിന് ഇല്ലാതാവുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ബംഗാളിൽ നിന്ന് സി.പി.എമ്മിനെന്നല്ല ഇടതുപക്ഷത്തിന് തന്നെ സീറ്രുകളൊന്നും സാദ്ധ്യതയില്ല. ഇടതുപക്ഷത്തിന് മുമ്പ് പാർലമെന്റിൽ 64 സീറ്ര് വരെ ഉണ്ടായിരുന്നതാണ്. ഇപ്പോഴത് 16 ആയി. സി.പി.എമ്മിന്റെ നിലപാടാണ് തകർച്ചയ്ക്ക് കാരണം. തെറ്രായ സമീപനമാണ് സി.പി.എം കാലാകാലങ്ങളിൽ കൈക്കൊള്ളുന്നത്. ഘടകകക്ഷികളെ ഇല്ലാതാക്കുക എന്ന സമീപനമാണ് സി.പി.എമ്മിന്റേത്. ഇടതുപക്ഷ നിലപാടുകളാണ് ആ‌ർ.എസ്.പിക്കുള്ളത്. അവിടെ നിൽക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. രക്ഷയില്ലാത്തതുകൊണ്ടാണ് ഞങ്ങൾ പോന്നത്. ചെറിയ പാർട്ടികളെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എ.എ.അസീസ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

യു.ഡി.എഫ് തൂത്തുവാരും

കേരളത്തിൽ മുഴുവൻ സീറ്രും യു.ഡി.എഫ് നേടുമെന്ന് പറ‌ഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഇടതുമുന്നണിയോട് ജനങ്ങൾക്ക് അത്രവലിയ അമർഷമുണ്ട്. പ്രത്യേകിച്ചും ശബരിമല വിഷയത്തിൽ. വിശ്വാസികളായ ആളുകളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയണ്ടേ. ശബരിമലയിൽ സർക്കാർ കാട്ടിക്കൂട്ടിയത് അനാവശ്യമാണെന്നാണ് ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധമുള്ളവർ യു.ഡി.എഫിനാണ് വോട്ട് ചെയ്യുക. കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് കൂടും. അതിന്റെ നഷ്ടം എൽ.ഡി.എഫിനായിരിക്കും. കേന്ദ്രത്തിൽ ഇനി ഏകകക്ഷി ഭരണം സാദ്ധ്യമല്ല. വലിയ ഒറ്ര കക്ഷിയാകാനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിനായി ബി.ജെ.പിയുമായി കോൺഗ്രസ് മത്സരിക്കുകയാണ്. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്ര് കിട്ടാതിരിക്കാനുള്ള ശ്രമമാണ് സി.പി.എം സ്വീകരിക്കുന്നത്.

സി.പി.എമ്മിന് അമ്പരപ്പ്

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നത് തീർച്ചയായും യു.ഡി.എഫിന് ഗുണമുണ്ടാകും. അതിന്റെ അമ്പരപ്പുകൊണ്ടാണല്ലോ സി.പി.എം വ്യാജ പ്രചാരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുപോലെ കള്ളപ്രചാരണം നടത്തുന്നതിൽ ഇത്രയും വൈദഗ്ദ്ധ്യം നേടിയ മറ്രൊരു പാർട്ടിയെ കാണില്ല. പ്രധാനമന്ത്രിയാകാൻ സാദ്ധ്യതയുള്ളയാളെ പാർട്ടി പത്രത്തിലെ മുഖപ്രസംഗത്തിൽ പപ്പു എന്നു വിളിക്കുന്നത് സംസ്കാരമില്ലായ്മ കൊണ്ടാണ്.

പ്രേമചന്ദ്രൻ മന്ത്രിയാവും

യു.പി.എ അധികാരത്തിൽ വന്നാൽ ആർ.എസ്.പി പ്രതിനിധിയായി എൻ.കെ.പ്രേമചന്ദ്രൻ കേന്ദ്രമന്ത്രിയാകും. പ്രേമചന്ദ്രനെതിരെ നുണപ്രചാരണമാണ് സി.പി.എം നടത്തുന്നത്. പ്രേമചന്ദ്രന് മുസ്ലിം വോട്ട് കിട്ടാതിരിക്കാൻ സംഘി എന്ന പ്രചാരണം നടത്തുന്നു. മുമ്പ് പരനാറി എന്ന് വിളിച്ചത് പിണറായി വിജയനാണ്.