തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ സി.പി.എം മുഖപത്രത്തിന്റെ 'പപ്പു സ്ട്രൈക്ക് " സൃഷ്ടിച്ച പൊല്ലാപ്പിന് പിന്നാലെ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശം കൂടിയായപ്പോൾ സി.പി.എമ്മും ഇടതുമുന്നണിയും വെട്ടിലായി.
പൊന്നാനിയിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രമ്യ ഹരിദാസിനെതിരെ പേരെടുത്ത് പറയാതെയുള്ള പരാമർശം. രമ്യ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കാൻ പോയതിനെ പരിഹസിച്ചായിരുന്നു വിജയരാഘവന്റെ പ്രസംഗം. അശ്ലീലച്ചുവയുള്ള ആക്ഷേപമെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇന്നലെ കൂട്ടത്തോടെയെത്തി. വിജയരാഘവനെതിരെ നിയമ നടപടിക്ക് രമ്യയും നീങ്ങി. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. നവോത്ഥാന മതിൽ കെട്ടിയവരാണ് ദളിത് സ്ത്രീയെ അധിക്ഷേപിച്ചതെന്നാണ് ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിമർശനം.
സ്ഥാനാർത്ഥികളെ വളരെ നേരത്തേ നിശ്ചയിക്കുകയും പ്രചാരണത്തിൽ ഏറെ മുന്നേറുകയും ചെയ്തപ്പോഴാണ് ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ മുന്നണിയെ പ്രതിരോധത്തിലാക്കിയത്. പ്രചാരണത്തിന്റെ മൂർദ്ധന്യത്തിലേക്ക് കടക്കേണ്ട സമയത്താണ് വിവാദങ്ങളെന്നത് ഘടകകക്ഷികളിലും സി.പി.എമ്മിനകത്തും അസ്വസ്ഥത ഉയർത്തുകയാണ്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസ് ക്യാമ്പുകൾ വർദ്ധിത വീര്യത്തിലാണ്. അതേസമയം, ഇടതു മുന്നണി വിവാദങ്ങളിലൂടെ സ്വയം കുഴിയിൽ വീണ അവസ്ഥയിലും.
ബി.ജെ.പിയുടെ വർഗീയതയും കോൺഗ്രസിന്റെ വിശ്വാസ്യതയില്ലായ്മയും ഉയർത്തിക്കാട്ടിയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. അതിനിടയിലാണ് അനാവശ്യ വിവാദങ്ങൾ.
രാഷ്ട്രീയ വിമർശനം മാത്രമാണ് നടത്തിയതെന്നും സ്ഥാനാർത്ഥിക്ക് വേദന തോന്നിയെങ്കിൽ താനും വിഷമിക്കുന്നെന്നും ഇന്നലെ വിജയരാഘവൻ പ്രതികരിച്ചു. ലീഗ് നേതൃത്വത്തെ കണ്ട് അനുഗ്രഹം തേടിയവരും ലീഗ് നേതൃത്വവും തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.
അതേസമയം, തീർത്തും വൈകാരികമായാണ് വിജയരാഘവന്റെ വിവാദ പ്രസംഗത്തോട് രമ്യ ഹരിദാസ് പ്രതികരിച്ചത്. തനിക്കും അച്ഛനും അമ്മയുമുണ്ടെന്നും അവരും ഇത് കേൾക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു.
അതേസമയം, വിജയരാഘവന്റെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയായുധമാക്കുകയാണെന്നാണ് സി.പി.എം നേതാക്കളുടെ നിലപാട്. വിജയരാഘവൻ മോശം ഉദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ. ബിജുവും പ്രതികരിച്ചു.
എന്നാൽ, വിജയരാഘവന്റേത് അസ്ഥാനത്തുള്ള പരാമർശമായിപ്പോയെന്ന വിമർശനമാണ് സി.പി.എം അണികളിൽ ഉയരുന്നത്. സി.പി.എം അനുഭാവികളായ ചില ബുദ്ധിജീവികളും സ്ത്രീവിരുദ്ധ പരാമർശമാണെന്ന വിമർശനമുയർത്തി.
സി.പി.എമ്മിന് ഉറച്ച ജയപ്രതീക്ഷയുള്ള മണ്ഡലമാണ് ആലത്തൂർ. അവിടേക്ക് രാഹുൽ ബ്രിഗേഡിൽ നിന്നുള്ള യുവ സ്ഥാനാർത്ഥി രമ്യ എത്തിയതോടെ ഇക്കുറി ശ്രദ്ധാകേന്ദ്രമായി. പാട്ടുകാരി കൂടിയായ രമ്യയ്ക്കെതിരെ നേരത്തേ അദ്ധ്യാപിക ദീപ നിശാന്ത് ഉയർത്തിയ ഫേസ്ബുക് വിമർശനവും വിവാദമായിരുന്നു.
വിജയരാഘവൻ പറഞ്ഞത്
'ആലത്തൂരിലെ സ്ഥാനാർത്ഥി പെൺകുട്ടി, ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാൻ വയ്യ. ' (പൊന്നാനിയിലെ കൺവെൻഷനിൽ)
'ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ടു.' (കോഴിക്കോട്ട് പ്രസംഗിച്ചത്)